കൊച്ചി: ഗിരിനഗർ കമ്യൂണിറ്റി ഹാളിന്‍റെ സിലീങ് പൊട്ടിവീണ് നാല് കുട്ടികൾക്കും ഒരു രക്ഷിതാവിനും പരിക്കേറ്റു. പ്രാദേശിക ചാനൽ കുട്ടികൾക്കായി സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെ തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് അപകടം. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നുമുതൽ 18 വരെ വയസ്സുള്ള 170ലധികം പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. നൃത്തമത്സരത്തിനിടെ ശക്തമായ കാറ്റ് വീശിയതിനെത്തുടർന്ന് കമ്യൂണിറ്റി ഹാളിന്‍റെ ഒരുഭാഗത്തെ ജിപ്സം സീലിങ് അടർന്ന് കുട്ടികളുടെ തലയിൽ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.