കൊച്ചി: നഗരത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപ്പാക്കുന്ന കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്‌മെന്റ് പ്രോജക്ടിൽ ആലുവയിലെ നിർദ്ദിഷ്ട 190 എം.എൽ.ഡി പദ്ധതിയും ഉൾപ്പെടുത്തും. വാട്ടർ അതോറിറ്റി ജീവനക്കാരുടെ സംഘടനകളുമായി മന്ത്രിമാരായ പി. രാജീവ്, റോഷി അംഗസ്റ്റിൻ എന്നിവർ നടത്തിയ ചർച്ചയിൽ ധാരണയായതോടെ നഗരവാസികൾക്ക് ആശ്വാസമായി. 523 കോടി രൂപയുടെ പുതിയ ജലശുദ്ധീകരണശാലയ്ക്ക് എ.ഡി.ബി അംഗീകാരം കിട്ടിയില്ലെങ്കിൽ കൊച്ചി കോർപ്പറേഷനിൽ നടപ്പാക്കാൻ തീരുമാനിച്ച 798.13 കോടി രൂപയുടെ ജലവിതരണപദ്ധതി അനിശ്ചിതത്വത്തിലാകാൻ സാദ്ധ്യതയുണ്ടായിരുന്നു.
കൊച്ചി കോർപ്പറേഷനിൽ കൂടുതൽ കുടിവെള്ളം എത്തിക്കുന്നതിന് പകരം ജലവിതരണ ശൃംഖല നവീകരിച്ച് വിതരണനഷ്ടം 20 ശതമാനമായി കുറയ്ക്കാനായിരുന്നു നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ആലുവയിൽ 190 എം.എൽ.ഡിയുടെ പുതിയ ജലശുദ്ധീകരണശാല കൂടി ഉൾപ്പെടുത്തി പുതുക്കാൻ വാട്ടർ അതോറിറ്റി ശുപാർശ ചെയ്തത്.
കൊച്ചി കോർപ്പറേഷൻ, സമീപമുള്ള അഞ്ച് മുനിസിപ്പാലിറ്റികൾ, പതിമൂന്ന് പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് ആലുവയിൽ നിലവിലുള്ള ശുദ്ധീകരണശാലക്ക് സമീപം വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള 1.57 ഹെക്ടർ സ്ഥലത്തെ 190 എം.എൽ.ഡി. ശുദ്ധീകരണശാലയിൽ പുതിയ ജലവിതരണ പ്ലാന്റ് വരുന്നത്. വിശദ പദ്ധതി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.
2050 വരെയുള്ള ഡിമാൻഡ് കണക്കിലെടുത്ത് പ്ലാന്റ്
കൊച്ചി കോർപ്പറേഷനും സമീപ പ്രദേശങ്ങൾക്കും ആവശ്യമായ തോതിൽ ഗാർഹിക വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലം പൂർണ്ണതോതിൽ ലഭ്യമല്ലെന്ന് നിരന്തരം പരാതികളുണ്ട്. ജൽ ജീവൻ മിഷൻ,അമൃത് പദ്ധതി എന്നിവ വഴിയുള്ള കുടിവെള്ള കണക്ഷൻ പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ കുടിവെള്ള ആവശ്യം വീണ്ടും വർദ്ധിക്കും. ഈ സാഹചര്യത്തിലാണ് 2050 വരെയുളള ഉപഭോഗ ഡിമാൻഡ് കണക്കാക്കി ആലുവയിൽ നിർദ്ദിഷ്ട 190 എം.എൽ.ഡി പ്ലാന്റ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്.
പദ്ധതി നടപ്പായാൽ കൂടുതൽ വെള്ളം കിട്ടുന്ന മേഖലകൾ
കൊച്ചി കോർപ്പറേഷൻ,ആലുവ,ഏലൂർ,തൃക്കാക്കര,കളമശേരി മരട് നഗരസഭകൾ,കീഴ്മാട് ,എടത്തല,ചൂർണിക്കര,ഞാറയ്ക്കൽ ,എളങ്കുന്നപ്പുഴ,മുളവ്കാട്,നായരമ്പലം,വരാപ്പുഴ,ചേരാനല്ലൂർ,കുമ്പളം, ചെല്ലാനം ,കുമ്പളങ്ങി,കടമക്കുടി പഞ്ചായത്തുകൾ
കുടിവെള്ളക്കണക്ക്
* ആലുവ ജലശുദ്ധീകരണശാല : 121.5 ദശലക്ഷം ലിറ്റർ
* മരട് ശുദ്ധീകരണശാല : 53.5 ദശലക്ഷം ലിറ്റർ
പുതിയ ജലശുദ്ധീകരണശാല നിലവിൽ വരുമ്പോൾ ആയിരങ്ങൾക്ക് പ്രയോജനപ്പെടും.
പി. രാജീവ്
വ്യവസായ മന്ത്രി