ആരുടെയെങ്കിലും കൈ പിടിച്ച് കുലുക്കുമ്പോഴോ അല്ലെങ്കിൽ വാതിൽപ്പിടിയിൽ സ്പർശിക്കുമ്പോഴോ ട്രെഡ്മില്ലിൽ കൈ തട്ടുമ്പോഴോ ഒരു ചെറിയ വൈദ്യുതാഘാതം അനുഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങളെ ഞെട്ടിച്ചിരിക്കാം. ചിലപ്പോൾ ചിരിപ്പിച്ചേക്കാം, അല്ലെങ്കിൽ അമ്പരപ്പിച്ചിരിക്കാം. എന്തു തന്നെയായാലും ആ ചെറു പ്രഹരം ദോഷകരമല്ലെന്ന് ആദ്യമറിയുക. അപ്പോൾ, ഇങ്ങനെയൊരു ആഘാതം ഉണ്ടാവുമ്പോൾ എന്താണ് സംഭവിക്കുന്നത്?
ഈ പ്രതിഭാസത്തിന് വളരെ രസകരമായ ശാസ്ത്രീയ വിശദീകരണമുണ്ട്. ഇതിനെ ‘സ്റ്റാറ്റിക് ഇലക്ട്രിസിറ്റി’ എന്ന് വിളിക്കുന്നു. ഇത് എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു, നിങ്ങളുടെ ശരീരത്തിൽ നിന്ന് സ്റ്റാറ്റിക് വൈദ്യുതി എങ്ങനെ നീക്കംചെയ്യാം, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം എന്നിവ ഇനി വിശദമാക്കാം.
എന്താണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി?
ഒരു വസ്തുവിന്റെയോ നിങ്ങളുടെ ശരീരത്തിന്റെയോ ഉപരിതലത്തിലുള്ള വൈദ്യുത ചാർജുകളുടെ ഒരു ശേഖരമാണ് സ്റ്റാറ്റിക് വൈദ്യുതി. സാധാരണയായി രണ്ട് വ്യത്യസ്ത വസ്തുക്കൾ പരസ്പരം ഉരസുമ്പോഴാണ് ഇത് രൂപപ്പെടുക. ഉദാഹരണത്തിന്, നിങ്ങൾ സോക്സ് ധരിച്ച് ഒരു പരവതാനിയിലൂടെ നടക്കുമ്പോൾ നിങ്ങളുടെ ശരീരം പരവതാനിയിൽ നിന്ന് അധിക ഇലക്ട്രോണുകൾ എടുക്കും. വൈദ്യുതി രൂപപ്പെടുത്തുന്ന ഒന്നാണ് ഈ ചെറിയ ഇലക്ട്രോൺ കണികകൾ.
സ്റ്റാറ്റിക് വൈദ്യുതി ‘ഇലക്ട്രോസ്റ്റാറ്റിക്സ്’ എന്നും അറിയപ്പെടുന്നു. ഒരു വസ്തുവിന്റെ ഉപരിതലത്തിൽ ഒരു വൈദ്യുത ചാർജ് അടിഞ്ഞുകൂടുന്നതാണിത്. ഈ ചാർജ് പോസിറ്റീവോ നെഗറ്റീവോ ആകാം. ഒരു വസ്തുവിന്റെ ആറ്റങ്ങൾ ഇലക്ട്രോണുകൾ നേടുമ്പോഴോ നഷ്ടപ്പെടുമ്പോഴോ ഇത് സംഭവിക്കുന്നു.
നിങ്ങൾ മറ്റൊരു വ്യക്തിയെയോ ഒരു ലോഹ വസ്തുവിനെയോ സ്പർശിക്കുമ്പോൾ അധിക ചാർജ് നിങ്ങളുടെ ശരീരത്തിൽ നിന്ന് അവരിലേക്ക് വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ദ്രുത കൈമാറ്റം ഒരു ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടാൻ കാരണമാകുന്നു.
തണുപ്പുകാലത്ത് ഇത് കൂടുതൽ സംഭവിക്കുന്നത് എന്തുകൊണ്ട്?
തണുപ്പുകാലത്ത് സ്റ്റാറ്റിക് ഷോക്കുകൾ കൂടുതലായി സംഭവിക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിരിക്കാം. ശൈത്യകാല വായു വേനൽക്കാലത്തേക്കാൾ വരണ്ടതായിരിക്കും എന്നതാണ് കാരണം. വായു വരണ്ടതാണെങ്കിൽ ചാർജ് എടുത്തുകളയാൻ യാതൊന്നിനും കഴിയില്ല. അങ്ങനെ അത് അടിഞ്ഞു കൂടും. ഇത് സ്റ്റാറ്റിക് വൈദ്യുതിയുടെ സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ടാണ് തണുപ്പുള്ളപ്പോൾ കൂടുതൽ ഷോക്കുകൾ ഉണ്ടാവുന്നത്.
താരതമ്യേന വേനൽക്കാലത്തെ വായുവിലെ ഈർപ്പം നിങ്ങളുടെ ശരീരത്തിൽ നിന്നും പുറത്തേക്കുള്ള ചാർജ് പ്രവാഹത്തെ എളുപ്പമാക്കുന്നു. ആ സമയം, ഇലക്ട്രോണുകൾ നമ്മുടെ ചർമത്തിന്റെ ഉപരിതലത്തിൽ എളുപ്പത്തിൽ രൂപം കൊള്ളുന്നു. വേനൽക്കാല വായുവിലെ ഈർപ്പം നെഗറ്റീവ് ഇലക്ട്രോണുകളെ തുടച്ചുനീക്കും. അക്കാരണത്താൽ നമുക്ക് വൈദ്യുത ചാർജ് അനുഭവപ്പെടുന്നില്ല.
ഈ വൈദ്യുത ഷോക്ക് ദോഷകരമാണോ?
അവ അസ്വസ്ഥതയുണ്ടാക്കുന്നതോ അമ്പരപ്പിക്കുന്നതോ ആകാം. എന്നാൽ, ആ ചെറിയ സ്റ്റാറ്റിക് ഷോക്കുകൾ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ല. മിക്ക ആളുകളും പൂർണമായും സുരക്ഷിതരാണ്. കാരണം സ്റ്റാറ്റിക് ഷോക്കിലെ ഊർജം വളരെ കുറവാണ്. ക്ഷണികമായ സംവേദനം സൃഷ്ടിക്കാൻ മാത്രം കഴിയുന്നത്.
എന്നാൽ ചില സന്ദർഭങ്ങളിൽ, ഉദാഹരണത്തിന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അല്ലെങ്കിൽ സൂക്ഷ്മമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പോലുള്ളവയിൽ സ്റ്റാറ്റിക് വൈദ്യുതി അപകടകരമാണ്. അതുകൊണ്ടാണ് ഗസ് സ്റ്റേഷനുകൾ അല്ലെങ്കിൽ കമ്പ്യൂട്ടർ ചിപ്പ് നിർമാണം പോലുള്ള കമ്പനികൾ ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നത്.
സ്റ്റാറ്റിക് ഷോക്കുകൾ ഒഴിവാക്കാൻ എങ്ങനെ കഴിയും?
ചർമത്തിന് ഈർപ്പം നൽകുക: വരണ്ട ചർമ്മം കൂടുതൽ സ്റ്റാറ്റിക് ചാർജ് വഹിക്കുന്നു. ലോഷൻ ഉപയോഗിച്ച് ഇത് മറികടക്കാം.
സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക: കമ്പിളി അല്ലെങ്കിൽ പോളിസ്റ്റർ എന്നിവക്ക് പകരം കോട്ടൺ പോലുള്ള പ്രകൃതിദത്ത തുണിത്തരങ്ങൾ ധരിക്കുക
നഗ്നപാദത്തോടെ നടക്കുക: തറ അല്ലെങ്കിൽ പുല്ല് പോലുള്ള പ്രകൃതിദത്ത പ്രതലങ്ങളിൽ നഗ്നപാദവുമായി നടക്കുന്നത് സ്റ്റാറ്റിക് വൈദ്യുതി പുറന്തള്ളാൻ സഹായിക്കും
ഹ്യുമിഡിഫയറുകൾ ഉപയോഗിക്കുക: ഒരു ഹ്യുമിഡിഫയർ ഉപയോഗിച്ച് ചുറ്റുപാടിൽ ഉചിതമായ അളവിൽ ഈർപ്പം നിലനിർത്തുന്നത് സ്റ്റാറ്റിക് വൈദ്യുതിയുടെ ശേഖരണം കുറക്കാൻ സഹായിക്കുകയും വായുവിലെ വൈദ്യുതിയുടെ ചാലകം സുഗമമാക്കുകയും ചെയ്യുന്നു.
ഒരാളെ സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന ഇക്കിളിപ്പെടുത്തുന്ന വൈദ്യുതാഘാതം വെറും സ്റ്റാറ്റിക് വൈദ്യുതിയാണ്. അത് അടിഞ്ഞുകൂടിയ വൈദ്യുത ചാർജിന്റെ നിരുപദ്രവകരവും സ്വാഭാവികവുമായ അനന്തരഫലമാണ്. വരണ്ട കാലാവസ്ഥയിലും ചില വസ്തുക്കളിലും ഇത് കൂടുതൽ സാധാരണമാവും. അതിനാൽ അടുത്ത തവണ നിങ്ങൾക്കും മറ്റൊരാളിനും ഇടയിൽ ആ ചെറിയ ഇക്കിളി അനുഭവപ്പെടുമ്പോൾ അത് വെറും ശാസ്ത്രീയ പ്രവർത്തനമാണെന്ന് തിരിച്ചറിയുക.