വടകര: കൈനാട്ടി മേൽപ്പാലത്തിൽ അവസാന ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കുരുക്ക് വൈകീട്ടുവരെ നീണ്ടു. ആംബുലൻസുകളുൾപ്പെടെ കുരുക്കിൽപ്പെട്ടു. ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ദേശീയപാതാ അധികൃതരോ കരാർ കമ്പനിയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇതുവഴി വന്ന വാഹനങ്ങളെല്ലാം കുടുങ്ങി. നേരത്തേ വിവരമറിയിച്ചിരുന്നെങ്കിൽ ചെറിയ വാഹനങ്ങൾക്കുൾപ്പെടെ വഴിമാറിപ്പോകാൻ കഴിയുമായിരുന്നു.
കൈനാട്ടി മേൽപ്പാലത്തിന്റെ ഏറ്റവും അറ്റത്തുള്ള ഗർഡറാണ് വ്യാഴാഴ്ച സ്ഥാപിച്ചത്. തലശ്ശേരി ഭാഗത്തേക്കുപോകുന്ന റോഡിന്റെ അരികിലായതിനാൽ ഈ റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ചു. പകരം തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് വാഹനങ്ങൾ വരുന്ന റോഡ് വഴി ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു. വീതികുറഞ്ഞ റോഡായതിനാൽ ഇടവിട്ടാണ് വാഹനങ്ങളെ വിട്ടത്. ഇതിനിടയിലൂടെയാണ് നാദാപുരം-കുറ്റ്യാടി ഭാഗത്തേക്കുള്ള വാഹനങ്ങളെയും കടത്തിവിട്ടത്. അവധിക്കാലമായതിനാൽ റോഡിൽ വാഹനങ്ങളുടെ നല്ല തിരക്കുണ്ടായിരുന്നു. ഇതോടെ കുരുക്ക് മുറുകി.
കൈനാട്ടിയിൽ തുടങ്ങിയ കുരുക്ക് വടകര ബൈപ്പാസിലേക്കുവരെ നീണ്ടു. മൂന്ന് ആംബുലൻസുകൾ പലസമയങ്ങളിലായി കുടുങ്ങി. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ആംബുലൻസിന് വഴിയൊരുക്കിയത്. തലശ്ശേരി, കണ്ണൂർ, നാദാപുരം ഭാഗങ്ങളിലേക്കും തിരിച്ച് വടകരയിലേക്കുമുള്ള ബസുകളിലെ യാത്രക്കാരും ഏറെസമയം കുടുങ്ങി. ട്രാഫിക് പോലീസും ഹൈവേ പോലീസും കുരുക്കഴിക്കാൻ ഏറെ പണിപ്പെട്ടു. ഗർഡർ കയറ്റിവെച്ച് വെൽഡിങ് പൂർത്തിയായശേഷം മാത്രമേ തലശ്ശേരി റോഡിലേക്ക് വാഹനഗതാഗതം അനുവദിച്ചുള്ളൂ. എന്നിട്ടും കുരുക്കഴിയാൻ സമയമെടുത്തു.
തിരക്കുള്ള സമയങ്ങളിൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തുമ്പോൾ ദേശീയപാതാ അധികൃതരും കരാർ കമ്പനിയും മുൻകരുതലുകൾ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തലേദിവസമെങ്കിലും വിവരമറിയിച്ചാൽ ഒട്ടേറെപ്പേർക്ക് ഉപകാരപ്പെടും. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കുഞ്ഞിപ്പള്ളിയിൽനിന്ന് ഓർക്കാട്ടേരി-കുറ്റ്യാടി വഴി യാത്രചെയ്യാം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും മാറിസഞ്ചരിക്കാൻ വഴികളുണ്ട്.
റോഡടച്ചശേഷമാണ് ബസുകാരുൾപ്പെടെ ഗതാഗതനിയന്ത്രണത്തെക്കുറിച്ചുള്ള വിവരമറിയുന്നത്. വടകര ബൈപ്പാസിലെ ഉയരപ്പാതയ്ക്കുൾപ്പെടെ ഒട്ടേറെ ഗർഡറുകൾ ഇനി സ്ഥാപിക്കാനുണ്ട്. റോഡരികിലെ ഗർഡർ സ്ഥാപിക്കുമ്പോൾ ഗതാഗതം നിയന്ത്രിക്കേണ്ടിവരും. ഇക്കാര്യം മുൻകൂട്ടി ജനങ്ങളെ അറിയിക്കാൻ സംവിധാനം വേണമെന്ന ആവശ്യമാണുയരുന്നത്.