ദില്ലി : കേരള ഹൗസ് അതിക്രമ കേസിൽ വി ശിവദാസൻ എം പി ഉൾപ്പടെയുള്ള പത്തു പ്രതികളെ വെറുതെ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് വിധി. പ്രതി ചേർത്ത പത്ത് പേരുമാണ് അതിക്രമം നടത്തിയതെന്ന് തെളിയ്ക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. എസ് എഫ് ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണൻ ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. കേസിൽ കണ്ടെത്താനാകാത്ത പതിനാല് പേർക്കെതിരെ അന്വേഷണം നടത്താനും റോസ് അവന്യൂ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2013ൽ സോളാർ സമരകാലത്ത് കേരള ഹൌസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാർ നടത്തിയ പ്രതിഷേധത്തെ തുടർന്നുള്ള കേസാണിത്. കേരള ഹൌസിലെ കാർ പോർച്ചിൽ കോലം കത്തിച്ചതിനെ തുടർന്ന് കേരള ഹൌസ് തീവെച്ചു നശിപ്പിക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയുള്ള കുറ്റങ്ങളിലാണ് ശിവദാസൻ ഉൾപ്പടെയുള്ള 10 പ്രതികൾ വിചാരണ നേരിട്ടത്. ആകെയുള്ള 24 പ്രതികൾ 14 പേരെ കണ്ടെത്താത്താനാകാത്തതിനെ തുടർന്ന് 10 പ്രതികളുടെ വിചാരണ മാത്രമാണ് നിലവിൽ റൗസ് അവെന്യൂവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ നടന്നത്.