ഉന്നത വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്ര പദ്ധതികളുമായി കേരള സർവകലാശാല ബജറ്റ്. 844.42 കോടി രൂപ വരവും സമാനമായ ചിലവും പ്രതീക്ഷിക്കുന്ന സന്തുലിത ബജറ്റാണ് അവതരിപ്പിച്ചത്. കോളേജുകളിൽ സൗഹൃദ ക്ലബ്ബുകൾ സ്ഥാപിച്ച് ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ബജറ്റിൽ നിർദ്ദേശം. വിശദമായ ചർച്ചകൾക്കൊടുവിൽ ബജറ്റ് സെനറ്റ് അംഗീകരിച്ചു.
രാവിലെ 10 മണിയോടെ ചാൻസലർ കൂടിയായ ഗവർണർ സെനറ്റിനെ അഭിസംബോധന ചെയ്തു. പിന്നാലെ സർവകലാശാല ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ 2025 26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
കേരള സർവകലാശാലയെ ലോകോത്തരമാക്കുന്നതിനുള്ള നിരവധി ഗവേഷണ പദ്ധതികളും വികസന നിർദേശങ്ങളും ആണ് ബജറ്റിൽ ഉള്ളത്. ഗവേഷണ രംഗത്ത് ഗുണമേന്മ ഉറപ്പാക്കുന്നതിനും സമയബന്ധിതമായി ഗവേഷണം പൂർത്തീകരിക്കുന്നതിനും സഹായമാകുന്ന തരത്തിൽ 3,5 വർഷ റിസർച്ച് സ്ലാബ് ക്രമീകരിക്കും.
ക്യാമ്പസുകളിൽ ലഹരിക്കെതിരെ വിപുലമായ പരിപാടികൾക്കാണ് ബജറ്റിൽ നിർദ്ദേശം. അഫിലിയേറ്റഡ് കോളേജുകളിൽ സൗഹൃദ ക്ലബ്ബുകൾ സ്ഥാപിച്ച് ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പ്രവേശനത്തിനു മുൻപ് വിദ്യാർത്ഥികളിൽ നിന്നും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. ഇത് ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടികൾ സ്വീകരിക്കും. സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി ബജറ്റ് നിർദ്ദേശിക്കുന്നു. സുസ്ഥിരവികസനവും വിദ്യാഭ്യാസ ഗുണമേന്മയും ഉറപ്പുവരുത്താൻ കഴിയുന്ന ബജറ്റ് വിശദമായ ചർച്ചകൾക്കൊടുവിൽ സെനറ്റ് അംഗീകരിച്ചു.