കേരള ബ്രാൻഡ്: 10 പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി; സംരംഭകർക്ക് ആഗോള വിപണിയിലേക്ക് കുതിക്കാൻ അവസരം

news image
Oct 27, 2025, 10:39 am GMT+0000 payyolionline.in

തിരുവനന്തപുരം : ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളിൽ നിന്നായി 10 പുതിയ ഉത്പന്നങ്ങൾ കൂടി കേരള ബ്രാൻഡ് പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നിലവിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് ഈ നീക്കം. കേരള ഉത്പന്നങ്ങൾക്ക് ഗുണമേന്മ, ധാർമ്മിക നിലവാരം, ഉത്തരവാദിത്തമുള്ള വ്യാവസായിക മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കി ആഗോള വിപണിയിൽ ‘മെയ്‌ഡ് ഇൻ കേരള’ എന്ന ആധികാരിക മുദ്ര നൽകാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമായാണ് കേരള ബ്രാൻഡ് നടപ്പാക്കിയത്..

 

കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങളായ കാപ്പി, തേയില, തേൻ, ശുദ്ധീകരിച്ച നെയ്യ്, കുപ്പികളിലാക്കിയ ശുദ്ധജലം, കന്നുകാലിത്തീറ്റ എന്നിവയ്ക്ക് ഒപ്പം, വ്യാവസായിക ഉത്പാദന മേഖലയിൽ സുപ്രധാനമായ പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ് എന്നീ ഉത്പന്നങ്ങളുമാണ് പുതിയതായി ഉൾപ്പെടുത്തിയത്. ഈ ഉത്പന്നങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സെലക്ഷൻ മാനദണ്ഡങ്ങൾ സംസ്ഥാനതല സമിതി അംഗീകരിച്ചിട്ടുണ്ട്. ഉത്പാദന യൂണിറ്റുകൾ ഉന്നത നിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം, ബാലവേല നിരോധനം, വിവേചനരഹിതമായ തൊഴിലിടങ്ങൾ, പരിസ്ഥിതി സൗഹൃദ സമീപനം തുടങ്ങിയ ധാർമ്മികവും ഉത്തരവാദിത്തമുള്ളതുമായ വ്യാവസായിക മൂല്യങ്ങൾ പാലിക്കുന്നുണ്ടോ എന്നും കർശനമായി പരിശോധിക്കും.

ഓരോ ഉത്പന്നത്തിൻ്റെയും സ്വഭവത്തിനനുസരിച്ച് ഗുണമേന്മാ സർട്ടിഫിക്കേഷനുകൾ ഉണ്ടായിരിക്കണം. കൂടാതെ, അസംസ്കൃത വസ്തുക്കളുടെ ഉറവിടം, നിർമ്മാണ യൂണിറ്റിന്റെ സ്ഥലം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും സർക്കാർ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്ന സംസ്ഥാനത്തെ ഉത്പാദന യൂണിറ്റുകൾക്ക് ‘കേരള ബ്രാൻഡ്’ സർട്ടിഫിക്കേഷനായി ഉടൻ അപേക്ഷിക്കാം. സർട്ടിഫിക്കേഷന്റെ കാലാവധി, നിർബന്ധിത IS/ISO/മറ്റ് അംഗീകൃത സർട്ടിഫിക്കേഷനുകളുടെ കാലാവധി തീരുന്നതുവരെയോ അതല്ലെങ്കിൽ രണ്ട് വർഷത്തേക്കോ ആയിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe