കേരള ട്രാവൽ മാർട്ട് 2024 : ടൂർ ഓപ്പറേറ്റർമാരുടെ സംഘം സർഗാലയയിലെത്തി

news image
Oct 7, 2024, 4:04 am GMT+0000 payyolionline.in

പയ്യോളി : കേരള ട്രാവൽ മാർട്ട് 2024-നു തുടർന്നുള്ള 26 അംഗ ടൂർ ഓപ്പറേറ്റർമാരുടെ സംഘം ഇരിങ്ങല്‍  സർഗാലയയിലെത്തി. യു.എസ്.എ, യു.കെ, ഫ്രാൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളും, ദില്ലി, യു.പി, ഒറീസ, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടതാണ് സംഘം.

സർഗാലയയിലെ കരകൗശല യൂണിറ്റുകൾ, വിനോദസഞ്ചാര സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ സംഘം, സർഗാലയയെയും വടക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി യാത്രാ പാക്കേജുകൾ തയ്യാറാക്കി വിപണനം ചെയ്യാമെന്ന് അറിയിച്ചു. സർഗാലയയിൽ നിന്നുള്ള കേരളീയ സദ്യ അനുഭവിച്ച്, കരകൗശല വിദഗ്ദരോട്  സംസാരിച്ചു.

 

സംഘാംഗങ്ങളെ യു.എൽ.സി.സി.എസ് ഡയറക്ടർ വി.കെ. അനന്തൻ, സർഗാലയ ജനറൽ മാനേജർ ടി.കെ. രാജേഷ്, ക്രാഫ്ട്സ് ഡിസൈനർ കെ.കെ. ശിവദാസൻ, ഓപ്പറേഷൻസ് മാനേജർ അശ്വിൻ ആർ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ നിപിൻ.എസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

2024 ഡിസംബർ 20 മുതൽ 2025 ജനുവരി 6 വരെ നടക്കാനിരിക്കുന്ന 12-മത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേളയിൽ കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാമെന്ന പ്രതീക്ഷയും സംഘം പങ്കുവച്ചു.

 

സർഗാലയ സ്റ്റാൾ 2024 സെപ്റ്റംബർ 26 മുതൽ 29 വരെ കൊച്ചിയിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നടന്ന 12-മത് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) പരിപാടിയിലും ശ്രദ്ധേയമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe