പയ്യോളി: പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖലയുടെ ആഭിമുഖ്യത്തിൽ കെ. ഇ. എൻ. പുസ്തകങ്ങളെ കുറിച്ച് ‘കെ. ഇ . എൻ . വായന’ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിദ്ധ കഥാകൃത്തായ അശോകൻ ചരുവിൽ. നവോത്ഥാനന്തരം വർത്തമാന കേരളീയ സമൂഹത്തിൽ ചരിത്രനിരാകരണത്തിലൂടെ ഒരു പുതിയ സമൂഹം വളർന്നു വരുന്നുണ്ട് എന്നും അത്തരം സമൂഹമാണ് കെ.ഇ. എൻ.നോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുത്ത സാംസ്കാരിക പ്രഭാഷകനായ ഡോ. അനിൽ ചേലമ്പ്ര, കെ. ഇ. എൻ. നടത്തിയ സാഹിത്യവിമർശനം, പ്രഖ്യാപിത പണ്ഡിത രീതിയിൽ നിന്നുള്ള വിച്ഛേദനമാണ് എന്നും അത് കാലം ആവശ്യപ്പെടുന്ന വൈരുദ്ധ്യാന്മക രീതിയാണ് എന്നും, അത് കൊണ്ട് തന്നെ പരമ്പരാഗത അക്കാഡമിക് സമൂഹം ബോധപൂർവ്വം അദ്ദേഹത്തിൻ്റെ സാഹിത്യവിമർശനത്തെ തമസ്കരിക്കുയാണ് എന്നും വിവിധ ഉദാഹരണങ്ങളിലൂടെ സമർത്ഥിച്ചു.
കെ. ഇ. എൻ. നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫാസിസത്തിനെതിരെയുള്ള വിമർശനങ്ങളെ ഹിന്ദുമത വിമർശനമായി ഫാസിസ്റ്റുകൾ നടത്തുന്ന ബോധ പൂർവ്വമായ വ്യാജ പ്രചരണങ്ങൾക്കകത്ത് നമ്മുടെ പൊതു സമൂഹത്തിലെ ഒരു വിഭാഗം അറിയാതെ അകപ്പെടുന്നുണ്ടെന്ന് തുടർന്നു ചർച്ചയിൽ പങ്കെടുത്ത ഗുലാബ് ജാൻ പറഞ്ഞു.
‘തീപിടിച്ച ആമ്മാവുകൾക്ക് ഒരു ആമുഖം ,” എന്ന പുസ്തകത്തിൻ്റെ ആമുഖം വായിച്ച് അശോകൻ കെ. ഒഞ്ചിയം ചർച്ച ഉൽഘാടനം ചെയ്തു. തുടർന്ന് പ്രൊഫ. എൻ.കെ. സുനിൽ കുമാർ, മധു, വേലായുധൻ പി.ടി, കെ. രാമദാസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജാത്യാധിപത്യന് എതിരെ വീട്ടവീഴ്ചയില്ലാത്ത സമരമാണ് ഇന്ത്യൻ ഫാസിസത്തിനെതിരെയുള്ള സാസ്കാരിക പ്രക്ഷോഭമെന്നും, ഭീകരതകളെ സ്വാഭാവികതയാക്കി മാറ്റുന്ന ഇന്ത്യൻ ഫാസിസത്തിനെതിരെ ഔപചാരിക സാസ്കാരിക സമരം മാത്രം മതിയാവില്ല എന്നും അനൗപചാരിക സമര രൂപം ചരിത്രപരമായി രൂപപ്പെപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചർച്ചയൊടുള്ള പ്രതികരണത്തിൽ കെ. ഇ. എൻ ഓർമ്മിപ്പിച്ചു. യെച്ചരിയുടെയും എം എം ലോറൻസിന്റെയും വേർപാടിലുള്ള അനുശോചന പ്രമേയം മേഖലാ സെക്രട്ടറി ചന്ദ്രൻ മുദ്ര അവതരിപ്പിച്ചു. ഡോ. ആർ.കെ സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് മഹമൂദ് മൂടാടി സ്വാഗതവും രാമചന്ദ്രൻ തിക്കോടി നന്ദിയും പറഞ്ഞു.