കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊന്നില്ലെന്ന് വിഴിഞ്ഞത്ത് തെളിഞ്ഞു -മുഖ്യമന്ത്രി

news image
Oct 16, 2023, 9:26 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല എന്നതാണ് വിഴിഞ്ഞം തുറമുഖത്തോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലെ എട്ട് കപ്പല്‍ കൂടി ഇവിടേക്ക് അടുത്ത ദിവസങ്ങളില്‍ വരുമെന്നും ആറ് മാസത്തില്‍ പൂര്‍ണ്ണമായി പദ്ധതി കമീഷന്‍ ചെയ്യാനാകുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഏത് പ്രതിസന്ധിയേയും അതിജീവിക്കും എന്ന് ഐക്യത്തിലൂടെ നാം തെളിയിച്ചിട്ടുള്ളതാണ്. അതാണ് വിഴിഞ്ഞത്തിലും കാണാനാകുക. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, നമുക്കുണ്ടായ പ്രതിസന്ധികള്‍ എന്നിവ മൂലം അല്‍പം താമസം വന്നു എന്നത് വസ്തുതയാണ്. എന്നാല്‍ പറഞ്ഞപോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ജനങ്ങളാകെ ആഗ്രഹിച്ചു. കാരണം ഇതുപോലൊരു തുറമുഖം ലോകത്ത് അപൂര്‍വമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഇതിനുള്ളത്. നമുക്കല്‍പ്പം ധാരണമാത്രമാണ് ഇതുമായി ബന്ധപ്പെട്ടുള്ളു എന്നതാണ് യാഥാര്‍ഥ്യം. ഈ പോര്‍ട്ടിന്റെ സാന്നിധ്യത്തില്‍ വരാന്‍ പോകുന്ന വികസനം ഭാവനയ്ക്കപ്പുറമായിരിക്കും. അതിനുതകുന്ന സമീപനം നാം സ്വീകരിക്കണം എന്നെയുള്ളൂ.

തുറമുഖത്തിന്റെ ഭാഗമായി ഔട്ടര്‍ റിംഗ് റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചു. അതിലൂടെ പുതിയ പദ്ധതികള്‍ വരുമെന്ന് കണക്കാക്കി. എന്നാല്‍ കണക്കാക്കിയതിലും അപ്പുറമാണ് പുതിയ പദ്ധതിക്കുള്ള സാധ്യത. അത്രമാത്രം നമ്മുടെ വികസന കുതിപ്പിന് കരുത്തേറുന്നതായിരിക്കും ഈ പോര്‍ട്ട്. ഒരു വികസിത കേരളമാണ് നാം ആഗ്രഹിക്കുന്നത്. എല്ലാ മേഖലയും അതിനനസരിച്ച് ശക്തിപ്പെടണം.അതിനായി വ്യക്തമായ കഴ്ചപ്പാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. നാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അസാധ്യമായ ഒന്നല്ല അത്. ലോകത്തെ മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തോതിലേക്ക് കേരളത്തെ ഉയര്‍ത്തുക എന്നതാണ് നാം ലക്ഷ്യംവെയ്ക്കുന്നത്.

ഇത്തരം ഒരു വികസനം ഒരിടത്തുണ്ടാവുമ്പോള്‍, ചില അന്താരാഷ്ട്ര ലോബികള്‍ അവരുടെ താല്‍പര്യം വച്ച് എതിരായ നീക്കം നടത്താറുണ്ട്. ഇവിടേയും അത്തരം ശക്തികള്‍ നേരത്തെ ഉണ്ടായി എന്നത് വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതിന് താല്‍പര്യമുണ്ടായില്ല. അവരും രംഗത്തുവന്നിരുന്നു. എന്നാല്‍ അതൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാണ് പോര്‍ട്ട്. മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാധ്യതകളാണ് വിഴിഞ്ഞത്തുള്ളത്. ഇതൊരു അന്താരാഷ്ട്ര തുറമുഖമായി ഉയരണം എന്നതില്‍ വ്യക്തമായ നിലപാടാണ് നമുക്ക് നേരത്തെ മുതല്‍ ഉണ്ടായിരുന്നത്. അത് അതുപോലെ തന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു.

മുഖ്യ കടല്‍പാതയോട് ഇത്രമാത്രം അടുത്ത് നില്‍ക്കുന്ന മറ്റൊരു തുറമുഖവും രാജ്യത്തില്ല. 2021ല്‍ പുലിമുട്ടിന്റെ നീളം ഭാഗികമായാണ് നിര്‍മിച്ചത്. നിര്‍മാണോത്പന്നങ്ങളുടെ ലഭ്യതക്കുറവ് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. അതൊരു തടസമായി വന്നുകൂടാ എന്നതിനാല്‍ ഒരു പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തന്നെ തയ്യാറാക്കി. അതിന്റെ ഭാഗമായി പ്രതിമാസ അവലോകനങ്ങളും ദൈനംദിന അവലോകനത്തിനായി പ്രത്യേക മൊബെല്‍ ആപ്പും തയാറാക്കിയിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe