കൊച്ചി: കേരളത്തിൽ സ്വർണവില വൻ വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8720 രൂപയായാണ് വർധിച്ചത്. പവന്റെ വില 880 രൂപ കൂടി 69760 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
അതേസമയം, ലോകവിപണിയിൽ സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച സ്വർണവിലയിൽ ലോകവിപണിയിൽ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഔൺസിന് 3,223.06 ഡോളറായാണ് സ്വർണവില കുറഞ്ഞത്. ഈ ആഴ്ചയിൽ മാത്രം സ്വർണവിലയിൽ മൂന്ന് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 2024 നവംബറിന് ശേഷം ഒരാഴ്ചയിൽ ഇതാദ്യമായാണ് സ്വർണം ഇത്രയും മോശം പ്രകടനം രേഖപ്പെടുത്തുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.1 ശതമാനം ഉയർന്ന് 3,224.90 ഡോളറിലെത്തി.
സ്വർണം കടുത്ത വിൽപന സമ്മർദത്തെ അഭിമുഖീകരിക്കുകയാണെന്നാണ് വിപണിയിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഓഹരി വിപണികൾ കുതിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധത്തിൽ നേരിയ അയവുണ്ടായതും സ്വർണവിലയെ സ്വാധീക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും.