കേരളത്തിലെ നീല, വെള്ള റേഷൻ കാർഡുകൾക്ക് അരി കുറയും

news image
Jun 5, 2023, 5:55 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ കേരളത്തിനുള്ള ടൈഡ് ഓവർ റേഷൻ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം കുറയ്ക്കുമെന്ന സൂചന ലഭിച്ചതോടെയും സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡുകൾക്ക് ഉള്ള വിതരണം ആശങ്കയിലേക്ക്. നീല, വെള്ള കാർഡ് ഉടമകളുടെ എണ്ണം ഈ സർക്കാരിന്റെ കാലത്ത് 3 ലക്ഷത്തിലേറെ വർധിച്ചതോടെയാണ് ടൈഡ് ഓവർ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചത്.

എന്നാൽ നിരാശയായിരുന്നു ഫലം. സംസ്ഥാനത്തെ 93 ലക്ഷം കാർഡ് ഉടമകളിൽ 41 ലക്ഷം വരുന്ന മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കാണ് കേന്ദ്രം സബ്സിഡിയോടെ അരി നൽകുന്നത്. ഇതു കൂടാതെ ഭക്ഷ്യ സ്വയംപര്യാപ്ത ഇല്ലാത്തതിനാലും നാണ്യവിളകളുടെ കയറ്റുമതി വഴി വരുമാനം നേടിത്തരുന്നതും കണക്കിലെടുത്തുമാണ് കേരളത്തിന് സബ്സിഡി രഹിത ടൈഡ് ഓവർ വിഹിതം വർഷങ്ങൾക്കു മുൻപ് നിശ്ചയിച്ചത്.

മുൻഗണന കാർഡുകൾക്കു വിതരണം ചെയ്തു ബാക്കി വരുന്നതും ടൈഡ് ഓവർ വിഹിതവും ചേർത്താണ് നീല, വെള്ള കാർഡ് ഉടമകൾക്ക് റേഷൻ നൽകുന്നത്. കൂടാതെ ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട ബ്രൗൺ കാർഡ് ഉടമകൾക്കും റേഷൻ ലഭ്യമാക്കുന്നതിനു പുറമേ സുഭിക്ഷ, ജനകീയ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരിയും സൗജന്യനിരക്കിൽ നൽകുന്നു.

നിലവിൽ മുൻഗണനാ വിഭാഗത്തിലെ 96 ശതമാനത്തിലേറെ പേർ റേഷൻ വാങ്ങുന്നതിനാൽ കാര്യമായ നീക്കിയിരുപ്പില്ല. കേരളത്തിലെ ബിപിഎൽ വിഭാഗമായ നീല കാർഡ് അംഗങ്ങൾക്ക് 2 കിലോയാണു നൽകുന്നത്. ഇതു വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ടൈഡ് ഓവർ വിഹിതം കൂടുതൽ ചോദിച്ചത്. സംസ്ഥാനത്തിന് പ്രതിവർഷം 14.25 ലക്ഷം ടൺ അരിയാണ് കേന്ദ്രം ആകെ അനുവദിക്കുന്നത്. ഇതിൽ 4.8 ലക്ഷം ടൺ കേരളത്തിലെ നെല്ലു സംഭരിച്ച് അരിയാക്കി മാറ്റി കേന്ദ്ര പൂളിലേക്ക് നൽകുന്നതാണ്.

റേഷൻ വ്യാപാരികളുടെ സമരം ഇന്ന്

തിരുവനന്തപുരം ∙ റേഷൻ വ്യാപാരി കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം നടത്തും. കേന്ദ്ര സർക്കാർ ടൈഡ് ഓവർ റേഷൻ വെട്ടിക്കുറയ്ക്കുന്നത് പുനഃപരിശോധിക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, എല്ലാവർക്കും റേഷൻ പൗരാവകാശമായി മാറ്റുക, വ്യാപാരികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കടകൾ ഇന്നു സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് സമരസമിതി നേതാക്കളായ ജോണി നെല്ലൂർ, ജി.കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, സുരേഷ് കാരേറ്റ് എന്നിവർ അറിയിച്ചു. സമരത്തിൽ പങ്കെടുക്കില്ലെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe