കൊച്ചി: കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്നാട് തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ നടപടിയുമായി ഹൈകോടതി. വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈകോടതിയുടെ ഇടപെടൽ.
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ ജനുവരി 10നകം തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈകോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
ആശുപത്രികളിൽ നിന്നുമുള്ള മാലിന്യമാണ് തിരുനെൽവേലിയിൽ നിക്ഷേപിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളിൽ നിന്നുളള മാലിന്യങ്ങളും ഇതിലുണ്ടായിരുന്നു. ഈ മാലിന്യം കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തിരുന്നു. മാലിന്യം തളളിയ സംഭവത്തിൽ സ്വീകരിച്ച നടപടികളടക്കമാണ് തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ആശുപത്രികളിൽ നിന്ന് മെഡിക്കൽ മാലിന്യം നീക്കം ചെയ്യാൻ കരാർ നേടിയ കമ്പനികൾക്ക് വീഴ്ചയുണ്ടായെന്ന് കേരള സർക്കാർ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് മാലിന്യം തള്ളുന്നതായി നേരത്തെയും ആരോപണം ഉയർന്നിരുന്നു