കേരളത്തിന്റെ ദന്താരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങള്‍; ദേശീയ അവലോകന യോഗത്തില്‍ അഭിനന്ദനം

news image
Mar 14, 2024, 11:29 am GMT+0000 payyolionline.in

തിരുവനന്തപുരം > കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡല്‍ഹി എയിംസിലെ സെന്റര്‍ ഫോര്‍ ദന്തല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചും ഡല്‍ഹിയില്‍ വച്ച് സംഘടിപ്പിച്ച നാഷണല്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാം ദേശീയ അവലോകന യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. ദന്താരോഗ്യ രംഗത്ത് കേരളത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. സംസ്ഥാനം നടപ്പിലാക്കുന്ന ദന്താരോഗ്യ പദ്ധതികളായ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയവ രാജ്യത്താകെ മാതൃകയായി. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ പദ്ധതികള്‍ അവിടെ നടപ്പാക്കാന്‍ ഏറ്റെടുത്തു.

 

സംസ്ഥാനം ദന്താരോഗ്യ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദന്തല്‍ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കോട്ടയം ദന്തല്‍ കോളേജില്‍ അടുത്തിടെ അഡ്മിനിസ്‌ട്രേറ്റീവ് & റിസര്‍ച്ച് ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കി. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ ദന്തല്‍ ചികിത്സ ലഭ്യമാണ്. എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ദേശീയ റാങ്കിംഗില്‍ ആദ്യമായി തിരുവനന്തപുരം ദന്തല്‍ കോളേജ് ഇടംപിടിച്ചു. ദന്തല്‍ കോളേജുകളിലെ ലാബുകള്‍ കൂടാതെ സംസ്ഥാനത്ത് സെറ്റ് പല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന 57 അക്രിലിക് ലാബുകളും സ്ഥിരമായി വയ്ക്കുന്ന പല്ലുകള്‍ നിര്‍മ്മിക്കുന്ന ഒരു ഡെന്റല്‍ സിറാമിക് ലാബും സ്ഥാപിച്ചിട്ടുണ്ട്. ഇത്രത്തോളം ലാബുകള്‍ ദേശീയ തലത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ല. ഇത് കൂടാതെയാണ് ദന്താരോഗ്യ രംഗത്ത് വിവിധങ്ങളായ പദ്ധതികള്‍ സംസ്ഥാനം നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളില്‍ പ്രായമായ ബിപിഎല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 7,012 വയോജനങ്ങള്‍ക്ക് സെറ്റ് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്പൂര്‍ണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. 2023ല്‍ ഈ പദ്ധതിയിലൂടെ 1.32 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് സമഗ്ര ദന്ത പരിരക്ഷ നല്‍കി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാര്‍ക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഓറല്‍ കാന്‍സര്‍ (വദനാര്‍ബുദം) സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഈ പദ്ധതിയിലൂടെ 545 പേര്‍ക്ക് വദനാര്‍ബുദവും 4682 പേര്‍ക്ക് വദനാര്‍ബുദത്തിന് മുന്നോടിയായി വരുന്ന ഓറല്‍ പ്രീ ക്യാന്‍സര്‍ രോഗങ്ങളും കണ്ടെത്തി ചികിത്സയും തുടര്‍ പരിചരണവും നല്‍കിവരുന്നു. ഭിന്നശേഷി കുട്ടികള്‍ക്ക് എല്ലാത്തരം ദന്ത പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണ് ദീപ്തം. 2023ല്‍ ഈ പദ്ധതി വഴി 617 ഭിന്നശേഷി കുട്ടികള്‍ക്ക് പരിപൂര്‍ണ ദന്ത ചികിത്സ ലഭ്യമാക്കി. ഈ പദ്ധതികളാണ് മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe