കെ ടെറ്റിൽ പുനഃപരിശോധനയില്ല; ആവശ്യം തള്ളി സുപ്രീം കോടതി

news image
May 30, 2026, 4:36 am GMT+0000 payyolionline.in

ന്യൂഡൽഹി: അധ്യാപകർക്ക് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി. കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരെ നൽകിയ പുനഃപരിശോധന ഹർജികളാണ് കോടതി തള്ളിയത്. അതേസമയം പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വർഷത്തിൽ നിന്നും മൂന്ന് വർഷമായി ഉയർത്തി.

രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകർ നിർബന്ധിത വിരമിക്കലിന് തയ്യാറാവണമെന്ന വിധിക്കെതിരെ സംസ്ഥാന സർക്കാരും വിവിധ അധ്യാപക സംഘടനകളും സമർപ്പിച്ച 45 ഹർജികളാണ് തള്ളിയത്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേട്ടത്.

2012 മാർച്ച് 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കരുത്. വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ സ്‌കൂൾ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ പാസാകണമെന്നുള്ള മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.
വിധി നടപ്പാക്കുന്നതോടെ നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി അടക്കം ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ കെ ടെറ്റ് പാസാകാതെ ജോലിയിൽ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe