വടകര :ദേശീയപാത നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായി. മഴക്കാലത്ത് ദേശീയപാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യത്തെ നേരിടാൻ പ്രത്യേക ദുരന്തനിവാരണസംഘത്തെ നിയോഗിച്ചത്. ജില്ലാ, താലൂക്ക് ഭരണക്കുടത്തിനോട് കെ.കെ. രമ എം.എൽ.എയും ,ആർ ഡി ഒ വിളിച്ച യോഗത്തിൽ ജനപ്രതിനിക്കളും ഈ കാര്യം ആവശ്യപ്പെട്ടിരുന്നു .മഴ വരുന്നതോടെ ദേശീയ പാതയിൽ വ്യാപകമായ വെള്ളക്കെട്ടിന് സാദ്ധ്യത നിലനിൽക്കുന്നതായി സമിതിയംഗം പ്രദീപ് ചോമ്പാല സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു.
ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി കെ.കെ. രമ എം.എൽ.എ. അറിയിച്ചു. ദേശീയപാത അതോറിറ്റി കരാർ കമ്പനിയെ വെള്ളക്കെട്ട് ഒഴിവാക്കാൻ സജ്ജമാവാൻ നിർദേശം നൽകിയിരുന്നു . രണ്ടുസംഘത്തെ തീരുമാനിച്ചുകൊണ്ടുള്ള അറിയിപ്പ് എൻ.എച്ച്.എ.ഐ.ക്ക് ബന്ധപ്പെട്ട കൺസൽട്ടൻസിക്ക് കൈമാറി. കൺസൽട്ടൻസിയിലെ എൻജിനിയർമാരും പ്രവൃത്തി കരാറെടുത്ത കമ്പനിയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സംഘം. അഴിയൂർമുതൽ പാലോളിപ്പാലംവരെ ഒരു സംഘവും മൂരാടുമുതൽ വെങ്ങളംവരെ മറ്റൊരു സംഘവും ഉണ്ടാകും. ആദ്യസംഘത്തിൽ മൊത്തം 12 പേരുണ്ട്. രണ്ടാമത്തെ സംഘത്തിൽ 17 പേരും. മഴ ശക്തമാകുമ്പോൾ ഏതുസമയത്തും ഇവരുടെ സേവനം ലഭ്യമാകും.