കൊയിലാണ്ടി: വാർഷിക ഡെപ്പോസിറ്റ് എന്ന പേരിൽ ഇലട്രിസിറ്റി ബോർഡ് ഇത്തവണ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ച ഭീമമായ തുക നഗ്നമായ പകൽ കൊളളയാണ് നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കെ.പി.ശ്രീശൻ പറഞ്ഞു. ‘ വൈദ്യുതി കണക്ഷൻ അനുവദിക്കുമ്പോൾ ഈടാക്കിയ ഡെപ്പോസിറ്റ് നിലനിൽക്കുമ്പോൾ യാതൊരു മുന്നറിയിപ്പും കൂടാതെ വീണ്ടും ഡെപ്പോസിറ്റ് എന്ന പേരിൽ ബോർഡ് പണം പിടിച്ചുപറിക്കുകയാണ്.
പുതുതായി അടിച്ചേൽപ്പിൽച്ച ഫിക്സഡ് ഡെപ്പോസിറ്റും മറ്റു അനാവശ്യ ഡ്യൂട്ടി ചാർജുകളുമടക്കം ഇത്തവണത്തെ ബിൽ യഥാർത്ഥത്തിൽ അടക്കേണ്ട തുകയുടെ ഇരട്ടിയിലും അധികമാണ്. ഡെപ്പോസിറ്റ് തുക നില നിൽക്കുമ്പോഴാണ് ബിൽ അടക്കാൻ വൈകിയാൽ നിർദ്ദാക്ഷിണ്യം ഫ്യൂസ് ഊരുന്നത്. കോടികൾ കൂടിശ്ശിക വരുത്തിയ വൻകിടക്കാരെ സംരക്ഷിക്കുന്ന ബോർഡ് യാതൊരു തത്വദീക്ഷയും കൂടാതെ സാധാരണക്കരെ ബന്ദിയാക്കി പിടിച്ചു പറിക്കുകയാണ്. താനൊന്നുമറിഞ്ഞില്ലെന്നു പറഞ്ഞ് കൈമലർത്തുന്ന വകുപ്പ് മന്ത്രി നാടിനു നാണക്കേടാണ്. മാന്യമായി രാജി വെച്ചു പുറത്തു പോകണം .