കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് 30 ന് കൊടിയേറും

news image
Mar 20, 2025, 1:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 30ന് ഭക്തിയുടെ നിറവിൽ കൊടിയേറും. ഏപ്രില്‍ അഞ്ചിന് വലിയ വിളക്കും ആറിന് കാളിയാട്ടത്തോടെ ഉൽസവം സമാപിക്കും. മാര്‍ച്ച് 30ന് രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ്. തുടര്‍ന്ന് കൊടിയേറ്റം. രാവിലത്തെ കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാകും. രാവിലെ കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുന്ന്യോറമല ഭഗവതി ക്ഷേത്രം,പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് കാഴ്ച ശീവേലി-മേള പ്രമാണം പോരൂര്‍ അനീഷ് മാരാര്‍. 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ യു.കെ.കുമാരന്‍, കെ.പി.സുധീര, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. 7.30ന് ഗാനമേള. 31ന് രാവിലെയും വൈകീട്ടും കാഴ്ച ശീവേലി. മേള പ്രമാണം രാവിലെ വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍, വൈകീട്ട് തൃപ്പനംകോട്ട് പരമേശ്വരന്‍ മാരാര്‍. ഓട്ടന്‍ തുള്ളല്‍, രാത്രി എട്ടിന് തായമ്പക-കല്ലുവഴി പ്രകാശന്‍. നാടകം- കാളിക. അവതരണം സരോവര തിരുവനന്തപുരം.

ഏപ്രില്‍ ഒന്നിന് രാവിലെ കാഴ്ച ശീവേലി-മേള പ്രമാണം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, വൈകീട്ട് പനങ്ങാട്ടിരി മോഹനന്‍. രാത്രി എട്ടിന് ഇരട്ട തായമ്പക-സദനം അശ്വിന്‍ മുരളി, കക്കാട് അതുല്‍ കെ.മാരാര്‍. രാത്രി 7.30ന് മ്യൂസിക് ബാന്റ്. ഏപ്രില്‍ രണ്ടിന് കാഴ്ച ശീവേലി മേള പ്രമാണം രാവിലെ കടമേരി ഉണ്ണികൃഷ്ണന്‍ മാരാര്‍, വൈകീട്ട് കാഞ്ഞിലശ്ശേരി പത്മനാഭന്‍. രാത്രി എട്ടിന് തായമ്പക-ശുകപുരം രാധാകൃഷ്ണന്‍. നൃത്ത പരിപാടി, മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ. മൂന്നിന് രാവിലത്തെ കാഴ്ചശീവേലിക്ക് സന്തോഷ് കൈലാസും, വൈകീട്ട് പോരൂര്‍ ഹരിദാസും മേളപ്രമാണിയാകും. രാത്രി എട്ടിന് തായമ്പക-അത്താലൂര്‍ ശിവന്‍. 7.30ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്ന സംഗീത നിശ-കല്പാന്ത കാലത്തോളം.

നാലിന് ചെറിയ വിളക്ക്. രാവിലെ കാഴ്ച ശീവേലി- മേള പ്രമാണം മുചുകുന്ന് ശശി മാരാര്‍. തുടര്‍ന്ന് വണ്ണാന്റെ അവകാശ വരവ്,കോമത്ത് പോക്ക് ചടങ്ങ്,ഓട്ടന്‍ തുളളല്‍,വൈകീട്ട് നാലിന് പാണ്ടിമേള സമേതം കാഴ്ച ശീവേലി. മേള പ്രമാണം കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍. രാത്രി എട്ടിന് ഗോപികൃഷ്ണ മാരാര്‍,കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവരുടെ തായമ്പക,ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി,ലിബിന്‍ സ്‌കറിയ എന്നിവര്‍ നയിക്കുന്ന മെഗാ ഗാനമേള. ഏപ്രില്‍ അഞ്ചിന് വലിയ വിളക്ക് രാവിലെ കാഴ്ച ശീവേലിയ്ക്ക് ഇരിങ്ങാപ്പുറം ബാബു മേള പ്രമാണിയാകും. തുടര്‍ന്ന് ഓട്ടന്‍ തുളളല്‍,മന്ദമംഗലം ഭാഗത്ത് നിന്നുളള ഇളനീര്‍ക്കുലവരവും,വസൂരിമാല വരവും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍ക്കുല വരവുകള്‍,തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെളളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ് എന്നിവ ക്ഷേത്രത്തിലെത്തും. വൈകീട്ടത്തെ കാഴ്ച ശാവേലിക്ക് ശുകപുരം ദിലീപ് മേള പ്രമാണിയാകും. തുടര്‍ന്ന് രാത്രി ഏഴിന് കെ.സി.വിവേക് രാജയുടെ വയലിന്‍ സോളോ. രാത്രി 11 മണിക്ക് ശേഷം സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നളളിക്കും. ആറിന് കാളിയാട്ടം. രാവിലെ ഓട്ടന്‍ തുളളല്‍, വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകള്‍ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പുറത്തെഴുന്നളളിപ്പ്. മേളത്തിന് മട്ടന്നൂര്‍ ശ്രീരാജ് മാരാര്‍ നേതൃത്വം നല്‍കും. രാത്രി 10.55നും 11.15നും ഇടയില്‍ വാളകം കൂടുന്നതോടെ ഉൽസവം സമാപിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe