തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌യു നേതൃത്വം പരാജയമെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. നെയ്യാറിൽ നടന്ന ക്യാമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം സംബന്ധിച്ചാണ് റിപ്പോര്‍ട്ട്. കെപിസിസി അന്വേഷണ സമിതിയോട് സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യര്‍ സഹകരിച്ചില്ലെന്നും ഇദ്ദേഹത്തിന് ധാര്‍ഷ്ട്യമെന്നും റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു.
കെഎസ്‌യു നേതൃത്വത്തിന് ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നും സംഘടനാ തലത്തിൽ അടിമുടി മാറ്റം വേണം, ജംബോ കമ്മിറ്റികൾ പൊളിച്ചെഴുതണം എന്നും എംഎം നസീർ എകെ ശശി എന്നിവർ ഉൾപ്പെട്ട സമിതി കെപിസിസി പ്രസിഡന്റ് കെ സുധാകരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു.
കെഎസ്‌യു നേതൃത്വം പരാജയമെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടിൽ വിദ്യാർത്ഥി വിരുദ്ധ നയങ്ങളെ നേതൃത്വത്തിന് ചെറുക്കാനാകുന്നില്ലെന്നും ക്യാമ്പിലെ സംഘട്ടനത്തിൽ ഒരാളുടെ കൈ ഞരമ്പ് അറ്റുപോയെന്നും പറയുന്നു. സംസ്ഥാന ക്യാമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രസിഡൻറ് അലോഷ്യസ് സേവ്യറിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് കെ പിസി സി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.