കെഎസ്ഇബിയിലെ അഴിമതിക്കു പൂട്ടിട്ട് വിജിലൻസ്; ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ റെയ്ഡ്, കണ്ടെത്തിയത് 16.5 ലക്ഷം രൂപ

news image
Jan 18, 2026, 2:31 am GMT+0000 payyolionline.in

തിരുവനന്തപുരം : കെഎസ്ഇബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മിഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. വിവിധ സെക്ഷന്‍ ഓഫിസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായി വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ 5 വര്‍ഷം നടത്തിയ കരാര്‍ പ്രവൃത്തികളാണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കെഎസ്ഇബിയില്‍ ഭൂരിഭാഗം ഓഫിസുകളിലും കരാറുകള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും. കരാര്‍ പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ നിന്നും ഒഴിവാകുന്നതിനായി കുറഞ്ഞ തുകയ്ക്കുള്ള പ്രവൃത്തികളായി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിച്ച് പദ്ധതി നടപ്പിലാക്കുന്നതായും കണ്ടെത്തി. ഒരേ കരാറുകാരന് തന്നെ വിവിധ പ്രവൃത്തികളുടെ കരാര്‍ വര്‍ഷങ്ങളായി നല്‍കിയിരിക്കുന്നതായും കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഭൂരിഭാഗം ഓഫീസുകളിലും കരാര്‍ പ്രവൃത്തികളുടെ ഫയലുകള്‍ കൃത്യമായി പരിപാലിക്കുന്നില്ല. സ്‌ക്രാപ്പ് റജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ തുടങ്ങിയ വിവിധ രജിസ്റ്ററുകള്‍ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയില്‍ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരാള്‍ 38,000 രൂപയും കരാറുകാരനില്‍നിന്ന് ഗൂഗിള്‍പേ വഴി കൈപ്പറ്റി. കോട്ടയത്ത് ഇത്തരത്തില്‍ സബ് എന്‍ജിനീയര്‍ 1,83,000 രൂപയും ഓവര്‍സീയര്‍ 18,550 രൂപയുമാണ് വാങ്ങിയത്. കട്ടപ്പന സെക്ഷന്‍ ഓഫിസില്‍ അസി.എന്‍ജീനീയര്‍ 2,35,700 രൂപയാണ് വാങ്ങിയത്. ഇതേ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ 1,86,000 രൂപ കരാറുകാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ബെനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥര്‍ തന്നെ വര്‍ക്ക് ഏറ്റെടുത്തു ചെയ്യുന്നതാണോ എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഓഫിസുകളില്‍ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നാണു വിജിലന്‍സ് കണ്ടെത്തല്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe