ദിവസേന നമ്മുടെ പ്രിയപ്പെട്ട ആന വണ്ടികളിൽ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ അധികം പേരും. പക്ഷെ പലപ്പോഴും നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് ബസിന്റെ ലൈവ് ലൊക്കേഷൻ അറിയാതിരിക്കുക എന്നത്. ട്രെയിനുകൾ ഏത് സ്റ്റേഷനിൽ എത്തി എന്ന് കൃത്യമായി അറിയാൻ കഴിയുന്നത് പോലെ കെഎസ്ആർടിസി ബസുകളെയും ഇനി ലൈവായി ട്രാക്ക് ചെയ്യാം. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നമുക്ക് വിരൽതുമ്പിൽ ലഭ്യമായിരിക്കുന്നത്. ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം.
ട്രാക്കിങ് ഇനി ഈസി; എങ്ങനെ ചലോ ആപ്പ് ഉപയോഗിക്കാം:
ഗൂഗിൾ പ്ലേ സ്റ്റോറിൽ (Android ഫോണുകൾക്ക്) അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ (iOS ഫോണുകൾക്ക്) “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ലൊക്കേഷൻ സെറ്റ് ചെയ്യുക. ആപ്പ് തുറക്കുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. ബസുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ഇത് ആവശ്യമാണ്, അതിനാൽ അനുമതി നൽകുക.
Find and track your bus എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ബസ് സെർച്ച് ചെയ്യാൻ കഴിയും. ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. Current location ആണ് കാണിക്കുന്നത്, ആവശ്യമെങ്കിൽ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക. തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടത് എന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക.
തുടർന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവ്വീസുകളുടെ വിവരങ്ങൾ ദൃശ്യമാകും. ആയതിൽ നേരിട്ടുള്ള ബസുകൾ കൂടാതെ മറ്റു ബസുകളും കാണിക്കുന്നതാണ്. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേൽപ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.
ലിസ്റ്റിൽ ഉള്ള സർവ്വീസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ അപ്രകാരം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ വീണ്ടും (Track bus option) ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പർ മനസ്സിലാക്കുവാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിൻ്റെ നീല കളറിലുള്ള ചെറിയ ചിത്രത്തിൽ അമർത്തുമ്പോൾ ബസ്നമ്പർ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാൻ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടിൽ ഉള്ള മറ്റു ബസ്സുകൾ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും.
മാപ്പിൽ കാണുക: ആപ്പിൽ സാധാരണയായി ഒരു മാപ്പ് കാണാം. സൂം ചെയ്ത് നിങ്ങളുടെ ചുറ്റുമുള്ള ബസുകൾ എവിടെയാണെന്ന് തത്സമയം കാണാൻ കഴിയും. ബസ് ഐക്കണുകൾ അവയുടെ യഥാർത്ഥ സ്ഥാനം കാണിക്കും.
ഒരു ബസിലോ / ബസ് സ്റ്റോപ്പിലോ ടാപ്പ് ചെയ്യുക: ഒരു ബസ് ഐക്കണിൽ ടാപ്പ് ചെയ്താൽ അതിന്റെ റൂട്ടും അടുത്ത സ്റ്റോപ്പുകളിലേക്കുള്ള ഏകദേശ എത്തിച്ചേരുന്ന സമയവും കാണാൻ സാധിക്കും. ഒരു ബസ് സ്റ്റോപ്പിൽ (വൃത്താകൃതിയിലുള്ള അടയാളം)ടാപ്പ് ചെയ്താൽ ആ സ്റ്റോപ്പിൽ എത്താൻ സാധ്യതയുള്ള ബസുകളുടെ തത്സമയ വിവരങ്ങൾ കാണാൻ കഴിയും.
ലൈവ് പാസഞ്ചർ ഇൻഡിക്കേറ്റർ: ഒരു ബസിൽ എത്ര തിരക്കുണ്ടെന്ന് ബസ് വരുന്നതിന് മുൻപ് തന്നെ ഈ ഫീച്ചർ വഴി അറിയാൻ സാധിക്കും. ഇത് തിരക്ക് കുറഞ്ഞ ബസ് തിരഞ്ഞെടുക്കാൻ സഹായിക്കും. ചലോ ആപ്പിൻ്റെ പ്രധാന പേജിൽത്തന്നെ nearest bus stops – See all stops എന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന മാപ്പിൽ സും ചെയ്ത് പ്രദേശത്തുള്ള സ്റ്റോപ്പുകൾ മനസ്സിലാക്കാനും റോഡിൻ്റെ ഇരുവശമുള്ള സ്റ്റോപ്പ് ഐക്കണുകളിൽ ടാപ്പ് ചെയ്തു അതുവഴി കടന്നു വരുന്ന എല്ലാ ബസ് സർവ്വീസുകളുടെയും വിവരങ്ങൾ മനസ്സിലാക്കാനും കഴിയും.
ഹോം പേജിൽ താഴെയായുള്ള മാപ്പിൽ ക്ലിക്ക് ചെയ്തു സർക്കിൾ പോയിൻ്റർ ക്രമീകരിച്ച് വിവിധ സ്ഥലങ്ങളിലെ സ്റ്റോപ്പുകളും അതുവഴി കടന്നു പോകുന്ന സർവ്വീസുകൾ എതെല്ലാം എന്ന് മനസ്സിലാക്കാവുന്നതാണ്. അതിൽ ടാപ്പ് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ചലോ ആപ്പിന്‍റം സേവനങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, എല്ലാ കെഎസ്ആർടിസി ബസുകളിലും അല്ലെങ്കിൽ എല്ലാ ഗ്രാമീണ മേഖലകളിലും തത്സമയ ട്രാക്കിംഗ് ലഭ്യമല്ലായിരിക്കും. പ്രാരംഭഘട്ടം ആയതിനാൽ പോരായ്മകൾ ഉണ്ടാകാൻ ഇടയുണ്ട്. ജിപിഎസ് ഡാറ്റയുടെ കൃത്യത ചിലപ്പോൾ വ്യത്യാസപ്പെടാം.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            