കൃത്രിമ മഴക്ക് ഡൽഹി പൂർണ സജ്ജം; ഇനി വേണ്ടത് കാലാവസ്ഥാ വകുപ്പിന്‍റെ അനുമതി

news image
Oct 16, 2025, 10:39 am GMT+0000 payyolionline.in

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള മലിനീകരണ തോത് കുറക്കുന്നതിന് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഡൽഹി സർക്കാർ. എയർക്രാഫ്റ്റുകൾ ഇതിനോടകം നാല് പരീക്ഷണ പറക്കലുകൾ നടത്തിക്കഴിഞ്ഞു. കാലാവസ്ഥാ വകുപ്പിന്‍റെ അനുമതിയാണ് ഇനി വേണ്ടത്.

നിലവിൽ ക്ലൗഡ് സീഡിങിനുള്ള വിമാനങ്ങൾ മീററ്റിൽ തമ്പടിച്ചിരിക്കുകയാണ്. അനുമതി ലഭിച്ച ശേഷം കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് ദീപാവലി കഴിഞ്ഞുള്ള അടുത്ത ദിവസങ്ങളിൽ ട്രയൽ നടത്തും.

മേഘങ്ങളിൽ സിൽവർ അയഡൈഡ് വിതച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഐ.ഐ.ടി കാൺപൂരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കന്നത്. മോഡിഫൈ ചെയ്ത സെസ്ന-206 എച്ച് എന്ന എയർക്രാഫ്റ്റാണ് ഉദ്യമത്തിനായി ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിൽ 500 മീറ്ററിനും 6000 മീറ്ററിനും ഇടയിൽ കാണുന്ന നിംബോ സ്ട്രാറ്റസ് മേഘങ്ങളാണ് ക്ലൗഡ് സീഡിങിന് തിരഞ്ഞടുക്കുന്നത്.

മെയിൽ കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഡൽഹി കാബിനറ്റ് 3.21കോടി രൂപ അനുവദിച്ചിരുന്നു. മെയ്-ജൂൺ മാസങ്ങളിൽ ട്രയൽ റൺ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മൺസൂൺ മഴ കാരണം മാറ്റി വെക്കുകയായിരുന്നു. ഒക്ടോബർ ആദ്യ ആഴ്ചയിൽ നടത്താൻ തീരുമാനിച്ചെങ്കിലും അന്നും അപ്രതീക്ഷിത മഴ കാരണം മുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe