കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടി; കരാറുകാരായ കെഎൻആർ‌ കൺസ്ട്രക്‌ഷന് വിലക്ക്

news image
May 22, 2025, 3:05 pm GMT+0000 payyolionline.in

മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ‌ കൺസ്ട്രക്‌ഷനെ വിലക്കി. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി. ഇരു കമ്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജർ എം.അമർനാഥ് റെഡ‍്ഡിയെ പുറത്താക്കി. ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്തു. ഐഐടിയിലെ പ്രഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതകളിൽ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe