കണ്ണൂര്‍: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ 105 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റിലായി. കല്ലായി സ്വദേശി ഹുസ്നി മുബാറക് ആണ് എക്സൈസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണ് ഹുസ്നി മുബാറക്കെന്ന് എക്സൈസ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കല്ലായി സ്വദേശി പിടിയിലായത്.
ബെംഗളൂരുവില്‍നിന്ന് ബൈക്കിലെത്തിയ ഇയാളെ എക്സൈസ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വലിയ അളവില്‍ എം.ഡി.എം.എ ഇയാളില്‍നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള മയക്കുമരുന്ന് കടത്ത് അടുത്തകാലത്തായി വ്യാപകമാകുകയാണ്. പരിശോധനകള്‍ കര്‍ശനമാക്കിയശേഷവും പലദിവസങ്ങളിലായി അതിര്‍ത്തികളില്‍ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. വയനാട്, കണ്ണൂര്‍ അതിര്‍ത്തി വഴികളിലായി നേരത്തെയും മയക്കുമരുന്നുമായി നിരവധി പേര്‍ പിടിയിലായിട്ടുണ്ട്.
ഇന്നലെ രാത്രി വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 93 ഗ്രാം എംഡിഎംഎയുമായി മുക്കം സ്വദേശി കെ കെ ഷർഹാൻ അറസ്റ്റിലായിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ രാത്രി എഴ് മണിയോടെ എത്തിയ കെ.എസ്ആർടിസിയിലാണ് ഷർഹാൻ എംഡിഎംഎയുമായി എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിക്കുന്ന വൻ എംഡിഎംഎ വേട്ടയാണിത്.