കൂടെ വരാൻ തയാറായില്ല; യു.പിയിൽ വിവാഹിതയായ കാമുകിയെ സ്ത്രീ വേഷത്തിലെത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി യുവാവ്

news image
Mar 12, 2025, 6:13 am GMT+0000 payyolionline.in

മധുര: ഭർത്താവിനെയും മക്കളെയും വിട്ട് ഒപ്പം വരാൻ വിസമ്മതിച്ച കാമുകിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമം. ചൊവ്വാഴ്ച ഉച്ചക്ക് ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

രേഖ എന്ന യുവതിയെ തീക്കൊളുത്തിയ ശേഷം വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാമുകൻ ഉമേഷി(28)നും ഗുരുതര പരിക്കേറ്റു. ഇയാൾ ആഗ്രയിലെ എസ്.എൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രേഖക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

യു.പിയിലെ കോഹ് ഗ്രാമത്തിലാണ് രേഖയും ഭർത്താവും മക്കളും താമസിക്കുന്നത്. ഹരിയാനയിലെ ഹസൻപൂർ സ്വദേശിയാണ് ഉമേഷ്. രേഖയുടെ സഹോദര ഭാര്യയുടെ അനിയനാണ് ഇയാൾ. പതിവായി ഇയാൾ രേഖയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ക്രമേണ ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രേഖ വീടു വിട്ട് ഉമേഷിനൊപ്പം പോയി. തുടർന്ന് രേഖയുടെ കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഫെബ്രുവരി 10ന് ഹിമാചൽ പ്രദേശിലെ കിന്നാവൂർ ജില്ലയിൽ കണ്ടെത്തിയ രേഖയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. അതിനു ശേഷം ഉമേഷുമായുള്ള ബന്ധം ഒഴിവാക്കാൻ രേഖ ശ്രമിച്ചു. എന്നാൽ തന്റെ കൂടെ വരാൻ ഉമേഷ് വീണ്ടും രേഖയെ നിർബന്ധിച്ചു. ഇതിന് തയാറാകാതെ വന്നപ്പോഴാണ് പെ​ട്രോളൊഴിച്ച് തീക്കൊളുത്തിയത്.

ലെഹങ്ക ധരിച്ച് സുഹൃത്തിനൊപ്പം ബൈക്കിലാണ് സംഭവം നടന്ന ദിവസം ഉമേഷ് രേഖയുടെ വീട്ടിലെത്തിയത്. ആ സമയത്ത് രേഖ ഏഴും അഞ്ചും വയസുള്ള മക്കൾക്കൊപ്പം ടി.വി കാണുകയായിരുന്നു. ഭർത്താവ് സഞ്ജു വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഉമേഷ് എത്തിയത്. ഒരു കുപ്പി പെട്രോളും കൈവശമുണ്ടായിരുന്നു. തന്റെ ഒപ്പം വരാൻ നിർബന്ധിച്ചിട്ടും തയാറാകാതിരുന്ന രേഖയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ അവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe