കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ കേസുകളുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെൻററിയും ഫ്ലവേഴ്സ് ചാനലിലെ സീരിയലും തടയണമെന്ന് ആവശ്യപ്പെട്ട് റോയി തോമസ് വധക്കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു എന്ന ഷാജി ബോധിപ്പിച്ച ഹരജി ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റി.
അന്ന് കോടതിയിൽ ഹാജരാകാൻ നെറ്റ്ഫ്ലിക്സ് സി.ഇ.ഒയോടും ഫ്ലവേഴ്സ് ചാനൽ എം.ഡി ശ്രീകണ്ഠൻ നായരോടും മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ ഉത്തരവിട്ടു. രണ്ടാംപ്രതി നേരിട്ട് സമർപ്പിച്ച ഹരജിക്ക് പുറമേ അഭിഭാഷകൻ എം. ഷഹീർ സിങ് മുഖേന ബോധിപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
എം.എസ്. മാത്യു ഫയൽ ചെയ്ത ജാമ്യ ഹരജികൾ പ്രോസിക്യൂഷന്റെ മറുപടിക്ക് ഫെബ്രുവരി 13 ലേക്ക് മാറ്റി. മാത്യു ബോധിപ്പിച്ച വിടുതൽ ഹരജികൾ മാർച്ച് രണ്ടിന് കോടതി പരിഗണിക്കും. ഒന്നാംപ്രതി ജോളി ബോധിപ്പിച്ച ജാമ്യ ഹരജി ഫെബ്രുവരി 13ന് പരിഗണിക്കും.