മരിച്ച 11 മലയാളികളില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി ഷമീര്‍, പന്തളം സ്വദേശി ആകാശ് എസ് നായര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന് നായര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്.
അതേ സമയം, കുവൈറ്റിലെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അപകടത്തില്‍ നിന്ന് ആലപ്പുഴ താമരക്കുളം സ്വദേശിയായ നജിബ് രക്ഷപെട്ടെന്ന് വിവരം ലഭിച്ചതായി പിതാവ് ജലാൽ വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ച ഷെമീറിന് ഒപ്പം കെട്ടിടത്തിൽ നിന്നും ചാടിയതാണ് നജീബ്. കുവൈറ്റ് എൻബിഡിസി ഓയിൽ കമ്പനിയിൽ 4 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നജീബ്.