കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിൽ ഇനി ബാഗേജ് കൂടുമോ എന്ന ആശങ്ക വേണ്ട. 30 കിലോ സൗജന്യ ബാഗേജിന് പുറമെയുള്ളവക്കുള്ള നിരക്ക് എയർഇന്ത്യ എക്സ്പ്രസ് കുത്തനെ കുറച്ചു. സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാർ, 10 കിലോക്ക് ആറു ദീനാർ, 15 കിലോക്ക് 12 ദീനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കുവൈത്തിൽനിന്നുള്ള യാത്രക്കു മാത്രമാണ് ഈ കുറവ്. നാട്ടിൽനിന്ന് കൊണ്ടുവരുന്നവക്ക് മാറ്റമില്ല. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന. അതേസമയം, ഓഫ് സീസണിൽ സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിക്കാറുണ്ട്. ഇതിൽ തീരുമാനം വന്നിട്ടില്ല.
കഴിഞ്ഞമാസം ഏറെ തിരക്കേറിയ സമയത്ത് 10 കിലോക്ക് 40 ദീനാർ വരെ ഉയർത്തിയിരുന്നു. അതിനുമുമ്പ് 10 കിലോക്ക് 14 ദീനാർ വരെ ആയിരുന്നു. ഇതാണ് കുത്തനെ കുറച്ചത്.
സീസണിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനൊപ്പം ബാഗേജ് നിരക്കും ഉയർത്തുകയാണ് വിമാനക്കമ്പനികൾ. അതിനിടെ, വെക്കേഷൻ അവസാനിക്കാറായതും നാട്ടിൽ പോകുന്നവരുടെ എണ്ണവും കുറഞ്ഞതോടെ കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും കുറവുവന്നു. ഈ മാസം കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് 38 ദീനാറാണ് കൂടിയ നിരക്ക്.
അടുത്തമാസം 42 ദീനാറിന് കോഴിക്കോട്ടേക്ക് യാത്രചെയ്യാം. ഒക്ടോബറിൽ 48 ദീനാറാണ് നിലവിൽ കാണിച്ച ടിക്കറ്റ് നിരക്ക്. എന്നാൽ, കോഴിക്കോട്-കുവൈത്ത് നിരക്ക് നിലവിൽ 148 ദീനാറാണ്. സെപ്റ്റംബർ പകുതിയോടെ 100 ദീനാറിന് താഴേക്കെത്തും. ഒക്ടോബറിൽ വീണ്ടും കുറയും.
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കുവൈത്തിൽനിന്ന് നിലവിൽ കുറഞ്ഞ നിരക്കിൽ യാത്രചെയ്യാം. എന്നാൽ, കുവൈത്തിലേക്കുള്ള ടിക്കറ്റിന് വൻ വിലയാണ്.