കുറ്റ്യാടി: താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന 28.5 കോടി രൂപയുടെ പ്രവൃത്തി 2026 മാർച്ചിൽ പൂർത്തീകരിക്കുമെന്നും ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വനംവകുപ്പിൽ നിന്ന് അനുമതി കിട്ടാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അറിയിച്ചു. 2 കോടി രൂപയുടെ അനുബന്ധ കെട്ടിടത്തിന്റെ കരാർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രവൃത്തി ഉടൻ ആരംഭിക്കും. രണ്ടു പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മുഖേനയാണ് നടത്തുക.
ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് 2 ഡോക്ടർമാരെ നിയമിച്ചതായി ഡിഎംഒ അറിയിച്ചിട്ടുണ്ട്. അവലോകന യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അഖിൽ, ആശുപത്രി സൂപ്രണ്ട് ടി.സി.അനുരാധ, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.