കുറ്റ്യാടി ചുരം റോഡിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചുരമിറങ്ങി വരികയായിരുന്ന കുന്നംകുളം സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. റോഡരികിലെ കടവരാന്തയിലൂടെ കയറിയ കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനും കുരിശുപള്ളിയുടെ മതിലിനുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അപകടത്തിൽ കുരിശുപള്ളിയുടെ മതിലിന്റെ ഒരു ഭാഗം തകരുകയും മതിലിന്റെ ബീം കാറിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാർ തൊട്ടിൽപ്പാലത്തെ ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചുരം റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
