കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കാറിൽ ഇടിച്ച് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

news image
Aug 17, 2025, 9:34 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ ആശുപത്രി പടിയിൽ വെച്ചാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയിൽ നിന്ന് വീതി കുറഞ്ഞ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി. പരിക്കേറ്റവരിൽ ഒരു കുഞ്ഞിന്‍റെ പരിക്ക് സാരമുള്ളത് എന്നാണ് പ്രാഥമിക വിവരം.

കോട്ടക്കൽ ഭാഗത്ത്‌ നിന്ന് കുറ്റിപ്പുറത്തേക്ക് വിവാഹവുമായി ബന്ധപ്പെട്ട് മിഠായി കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും വാഹനങ്ങളിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാൽ തന്നെ റോഡിൽ പലയിടത്തായി കുഴികളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥിരം അപകടമേഖലയാണെന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റോഡ് നിര്‍മാണം നടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് അടക്കം ഇവിടെയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe