കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞത് പ്രതിഷേധം നടന്ന സ്ഥലത്ത്

news image
May 21, 2025, 11:57 am GMT+0000 payyolionline.in

തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. ദേശീയപാത നിർമാണ മേഖലയിൽ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് ഇന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണു പ്രതിഷേധം നടത്തിയത്. കലക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിന്മേൽ പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.

ഇന്നലെ കുപ്പം ഏഴോം റോഡിലെ സിഎച്ച് നഗറിൽ മണ്ണും ചെളിയും കയറി വീടുകൾക്ക് നാശമുണ്ടായി. കിടക്കകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. മൂന്നു വീട്ടുകാരോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ നിർദേശിച്ചു. ഇന്ന് രാവിലെ മഴ വീണ്ടും കനത്തതോടെയാണ് വീടുകളിൽ ചെളികയറാനും മണ്ണിടിയാനും തുടങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe