കോഴിക്കോട്: കുന്ദമംഗലം ഐഐഎമ്മിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിലേക്ക് ബസ് ഇടിച്ചുകയറിയതോടെ നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ഒരു ലഞ്ച് ഹൗസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു.
അപകടത്തില്‍ കെഎസ്ഇബിയുടെ ഒരു ഹൈ ടെന്‍ഷന്‍ വൈദ്യുതി തൂണും തകര്‍ന്നു. ഇത് പ്രദേശത്ത് വൈദ്യുതി വിതരണത്തെ ബാധിച്ചു. പുതുതായി തുറന്ന ലഞ്ച് ഹൗസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ച് കടകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി. കെഎസ്ഇബി ജീവനക്കാരും പോലീസും സ്ഥലത്തെത്തി.