കൊച്ചി: തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840ലും.
ഇന്നലെ പവന് 66,160 രൂപയായിരുന്നു. സ്വർണവില റെക്കോഡിലെത്തിയശേഷമാണ് വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തിയത്. രണ്ടുദിവസം കൊണ്ട് പവന് 640 രൂപയാണ് കുറഞ്ഞത്. ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവിലയിൽ നേരിട്ട ഇടിവാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിച്ചത്. തുടർച്ചയായി നാലു ദിവസം 66,000 രൂപക്ക് മുകളിലായിരുന്നു സ്വർണ വില.
വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരം കുറിച്ചത്. പവന് 160 രൂപ വർധിച്ച് 66,480 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.
എത്ര തന്നെ വില കൂടിയാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ കരുതുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.