കൊച്ചി/ചെങ്ങമനാട്: നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. കുട്ടിയെ ചാലക്കുടിപ്പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ പിതാവിന്‍റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.
അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പിതാവിന്‍റെ മൊഴിയുമെടുക്കും. അമ്മ ഇതിനുമുമ്പും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. പിതാവിന്‍റെ അച്ഛൻ, പിതാവിന്‍റെ അമ്മ, സഹോദരങ്ങൾ, കുട്ടിയുടെ സഹോദരൻ, കുട്ടിയുമായി മറ്റ് ബന്ധുക്കൾ, അംഗൻവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർ, ബസ് കണ്ടക്ടർമാർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, കുട്ടിയുടെ അമ്മക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാൽ, കുട്ടിയുടെ പിതാവ് ഇത് നിഷേധിച്ചു. കുഞ്ഞിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിനുമുമ്പ് അരമണിക്കൂറിലേറെ അമ്മ കുഞ്ഞുമായി ആലുവ മണപ്പുറത്ത് ചെലവിട്ടതായി പറയപ്പെടുന്നുണ്ട്. കൊലയെക്കുറിച്ച് കുടുംബത്തിലെ മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. ഭർതൃവീട്ടുകാരെ വേദനിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ പ്രാഥമിക മൊഴി.
ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സോണി മത്തായിക്കാണ് അന്വേഷണച്ചുമതല. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാൽ പുത്തൻകുരിശിലെ ഭർതൃഗൃഹം മുതൽ മൂഴിക്കുളം പാലത്തിലെത്തി കൃത്യം നടത്തി ഓട്ടോയിൽ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയത് വരെയുള്ള സമഗ്രമായ തെളിവെടുപ്പായിരിക്കും നടത്തേണ്ടിവരുക.
തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗൻവാടിയിൽനിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തിൽനിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.