ഇടുക്കി: 13 പശുക്കളെ നഷ്ടപ്പെട്ട തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് സഹായവുമായി സി പിഎമ്മും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുട്ടികളെ വിളിച്ചു സംസാരിക്കുകയും രണ്ടു പശുക്കളെ വാഗ്ദാനം ചെയ്യുകയും ചെയ്തു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും ഇന്ന് രാവിലെ കുട്ടികളെ കാണാനെത്തി 5 പശുക്കളെ വാങ്ങി നൽകുമെന്ന് അറിയിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി സഹായങ്ങളാണ് കുട്ടിക്കർഷകർക്കായി എത്തിക്കൊണ്ടിരിക്കുന്നത്.
ജീവനുതുല്യം സ്നേഹിച്ച് പോറ്റിവളർത്തിയ 13 കന്നുകാലികൾ കപ്പത്തൊണ്ടിലെ സൈനേഡ് അകത്തുചെന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ തളർന്നുവീണുപോയ 15 കാരൻ മാത്യു ബെന്നിയുടെ കണ്ണുനീർ മലയാളിയുടെ ആകെ നൊമ്പരമായി. മാത്യുവും ചേട്ടൻ ജോർജും അനിയത്തി റോസ്മേരിയും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ മറികടക്കാൻ മലയാളികൾ ഒറ്റക്കെട്ടായി കൈകോർക്കുന്ന കാഴ്ചയാണ് ഇന്നത്തെ പകൽ കേരളം കണ്ടത്. കുടുംബത്തെ കാണാനെത്തിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഞ്ച് പശുക്കളെ വാഗ്ദാനം ചെയ്തു.
ഇരുപത്തി ഏഴ് പശുക്കളും എട്ടുലക്ഷം രൂപയുമാണ് കുട്ടിക്കർഷകന് ഇതുവരെ വാഗ്ദാനമായി കിട്ടിയത്. അരുമയായ പശുക്കൾ ചത്തുപോയതിന്റെ സങ്കടത്തിലാണെങ്കിലും സമൂഹത്തിന്റെ കരുതലിൽ, ആത്മവിശ്വാസത്തിലാണ് ഈ കുടുംബം. വെള്ളിയാമറ്റത്ത് എത്തിയ നടൻ ജയറാം തന്റെ 22 പശുക്കൾ ഒരുമിച്ച് ചത്തുപോയപ്പോഴുണ്ടായ സങ്കടം പങ്കുവച്ചു. കൂടാതെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കരുതിയിരുന്ന തുക കുട്ടികൾക്ക് കൈമാറുകയും ചെയ്തു.
പിന്നാലെ കണ്ടത് സഹായപ്രവാഹം. വ്യവസായി യൂസഫലി 10 പശുക്കളെ നൽകുമെന്നറിയിച്ചു. മന്ത്രി ചിഞ്ചുറാണി 5 പശുക്കൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് 5 പശുക്കൾ. സിപിഎം വക 2 പശുക്കൾ. പിജെ ജോസഫ് വാഗ്ദാനം ചെയ്ത പശുവുമായി മകൻ അപുവും വെള്ളിയാമറ്റത്ത് എത്തി. കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നായി കുട്ടികൾക്ക് പശുക്കളെ നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.
നടൻ മമ്മൂട്ടി ഒരുലക്ഷവും പ്രിഥിരാജ് രണ്ട് ലക്ഷവും സഹായം എത്തിച്ചു. അരുമയായ പശുക്കൾ പൊടുന്നനെ ഇല്ലാതായതിന്റെ നടുക്കത്തിൽ കഴിയുന്ന കുടുംബം നിറകണ്ണുകളോടെയാണ് സമൂഹത്തിന്റെ കരുതലിന് നന്ദി പറഞ്ഞത്. പുലർച്ചെ നാലിന് എഴുന്നേറ്റ് പശുവിനെ പരിപാലിച്ച് മിടുക്കനായി പഠിക്കുന്ന മാത്യുവിന് നാട് കരുതലാകുമ്പോഴും കേരളത്തിലെ ക്ഷീര കർഷകർക്ക് കൈത്താങ്ങാകേണ്ട ഇൻഷുറൻസ് പദ്ധതി നമ്മുടെ സംസ്ഥാനം കൈകാര്യം ചെയ്യുന്ന രീതിയാണ് ചർച്ച ചെയ്യേണ്ടത്.