ഇതൊരു സാധാരണ വിനോദ ഗെയിമല്ല. കൊറിയൻ സംസ്കാരം, കെ-ഡ്രാമ, കെ-പോപ്പ് എന്നിവയുടെ സ്വാധീനത്തിൽ നിർമിച്ച ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ലവ് ഗെയിമുകളുടെ ഒരു ശൈലിയാണിത്. ഈ ഗെയിമിൽ കളിക്കാരന് ഒരു വെർച്വൽ കാമുകൻ അല്ലെങ്കിൽ കാമുകി ഉണ്ടാകും.
അവർ സ്നേഹത്തോടെ സംസാരിക്കുകയും സന്ദേശങ്ങൾ അയക്കുകയും കളിക്കാർക്ക് ഒരു പ്രത്യേക പരിഗണന നൽകുകയും ചെയ്യും. കുട്ടികളും കൗമാരക്കാരും വൈകാരികമായി വേഗത്തിൽ ഇതിലേക്ക് ആകർഷിക്കപ്പെടുന്ന രീതിയിലാണ് ഈ ഗെയിമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തുടക്കത്തിൽ ഈ ഗെയിം വളരെ സാധാരണമായ ഒന്നുപോലെ അനുഭവപ്പെടും. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ചാറ്റ് ചെയ്യുക, ദിവസം എങ്ങനെ ആയിരുന്നുവെന്ന് പറയുക, ചില വൈകാരിക സന്ദേശങ്ങൾ അയയ്ക്കുക എന്നിങ്ങനെയുള്ള ടാസ്കുകളാണ് ആദ്യം നൽകുക.
പിന്നീട് ഇത് വ്യക്തിപരമായ തലത്തിലേക്ക് മാറും. ‘നിനക്ക് എന്നെ ശരിക്കും ഇഷ്ടമാണോ?’, ‘ഇത് ചെയ്തില്ലെങ്കിൽ എനിക്ക് വിഷമമാകും’ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതോടെ കുട്ടികൾ ഈ ഗെയിമിനെ ഒരു യഥാർത്ഥ ബന്ധമായി കാണാൻ തുടങ്ങുന്നു.
വെർച്വൽ ലോകവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അതിർ വരമ്പ് മായുമ്പോഴാണ് യഥാർത്ഥ അപകടം ആരംഭിക്കുന്നത്. ചില ഗെയിമുകളിലെ ടാസ്കുകൾ കൂടുതൽ അപകടകരമാകും. ഒറ്റയ്ക്ക് ഇരിക്കാൻ പറയുക, കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ നിർദ്ദേശിക്കുക, സ്വയം ഉപദ്രവിക്കാൻ വൈകാരികമായി പ്രേരിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് മുമ്പ് കോളിളക്കം സൃഷ്ടിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എല്ലാ കൊറിയൻ-തീം ഗെയിമുകളും അപകടകരമല്ല. എന്നാൽ ചില പ്ലാറ്റ്ഫോമുകൾ ഈ രീതിയെ ദുരുപയോഗം ചെയ്യുന്നു.
കുട്ടികളുടെ മനസ്സ് വളരെ ലോലമാണ്. സ്നേഹം, ശ്രദ്ധ, മനസ്സിലാക്കുന്ന ഒരാൾ എന്ന തോന്നൽ അവരെ വേഗത്തിൽ ആകർഷിക്കും. കൊറോണയ്ക്ക് ശേഷം മൊബൈൽ ഉപയോഗം വർധിച്ചതും ഈ അപകട സാധ്യത കൂട്ടി.
രക്ഷാകർത്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ:
🔅കുട്ടികളുടെ മൊബൈൽ ഉപയോഗം അവഗണിക്കരുത്.
🔅അവർ ഏത് ഗെയിമാണ് കളിക്കുന്നതെന്നും അതിലെ ഉള്ളടക്കം എന്താണെന്നും മനസ്സിലാക്കുക.
🔅കുട്ടികളുമായി എല്ലാ ദിവസവും സംസാരിക്കാൻ സമയം കണ്ടെത്തുക.
🔅പെട്ടെന്ന് ഒറ്റയ്ക്കിരിക്കുക, നിശബ്ദരാകുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കുക.
🔅ആവശ്യമെങ്കിൽ ഡിജിറ്റൽ പാരൻ്റൽ കൺട്രോളുകൾ ഉപയോഗിക്കുക.
🔅സ്കൂളുകളും അധ്യാപകരും കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുക.
🔅എല്ലാത്തിലുമുപരി മൊബൈൽ ഫോണിനേക്കാൾ വലുതാണ് മാതാപിതാക്കളുമായുള്ള ബന്ധം നൽകുന്ന സുരക്ഷയെന്ന് പഠിപ്പിക്കുക.
