കോട്ടയം: പാർട്ടി ആരെ സ്ഥാനാർത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്നവും ഇല്ലെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ മറിയയുടെ സ്ഥാനാർത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി തന്നോട് ഈ കാര്യങ്ങൾ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ രാജിവെക്കാൻ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം. നിലവിൽ അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുന്നത്. ബാക്കിയെല്ലാം പാർട്ടി തീരുമാനിക്കും’, ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടിൽ ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടക്കും.
ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിയതികൾ പ്രഖ്യാപിച്ചത്.
