രുചികളിൽ പ്രധാനിയാണ് പുളി. ഭക്ഷണത്തിന് ശരിയായ രീതിയിൽ പുളി ചേർത്തില്ലെങ്കിൽ അവ ശരിയായ രുചിയിലേക്കെത്തില്ല.
അതുകൊണ്ടുതന്നെ കുടംപുളി നമ്മുടെ കറികളിലെല്ലാം ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാൽ ഈ കുടം പുളി പ്രധാനമായും കറികളിലാണ് നമ്മൾ ഏറെയും ഉപയോഗിക്കുന്നത്. എങ്കിൽ ഇനി കുടംപുളി വെച്ച് അച്ചാറും ഉണ്ടാക്കാം രുചികരമായ കുടംപുളി അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പഴുത്ത വലിയ കുടംപുളി – 10 എണ്ണം
ഈന്തപ്പഴം- 100 ഗ്രാം
വെളുത്തുള്ളി – 100 ഗ്രാം
കാശ്മീരി മുളകു പൊടി – 5 ടീസ്പൂൺ
വിനാഗിരി – പാകത്തിന്
ഉപ്പ് – പാകത്തിന്
കടുക് – 1ടിസ്പൂൺ
ഉലുവ – ഒരു ടീസ്പൂൺ
കായം – ഒരു ചെറിയ കഷ്ണം
ഉണ്ടാക്കുന്ന വിധം
ആദ്യം കുടംപുളി ഉള്ളിലെ കുരു കളഞ്ഞ് കഴുകി ചെറുതായി അടർത്തിയെടുക്കുക. ശേഷം കുടംപുളി ചൂടു വെള്ളത്തിൽ കല്ലുപ്പ് ചേർത്ത് അതിൽ ഇട്ടു വയ്ക്കുക. പത്ത് മിനിറ്റ് ഇങ്ങനെ ഇട്ടുവച്ച ശേഷം വെള്ളം വാർത്തു കളയുക. അതിനുശേഷം ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണയൊഴിച്ച് അതിൽ ആദ്യം കായം വറുത്തെടുക്കുക. ശേഷം കടുക്, ഉലുവ എന്നിവ പൊട്ടിച്ച് വറുത്തു കോരുക. ബാക്കി എണ്ണയിൽ കൂടി 4 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ചേർക്കുക. അതുകഴിഞ്ഞ് മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കുക. അതിൽ കുടംപുളി ചേർക്കുക. നൂറു ഗ്രാം നന്നാക്കിയ ഈന്തപ്പഴവും ആവശ്യത്തിന് ഉപ്പും കുറച്ച് വിനാഗിരിയും ചേർത്ത് ചെറു തീയിൽ 5 മിനിറ്റ് മൂടിവെയ്ക്കുക. തീ അണച്ചതിനു ശേഷം വറുത്ത് കോരി വെച്ച കടുക്, ഉലുവ, കായം എന്നിവ പൊടിച്ച് അച്ചാറിൽ ചേർത്തിളക്കുക. രുചിയൂറും കുടംപുളി അച്ചാർ റെഡി.