ന്യൂഡൽഹി: കുംഭമേളയിലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ഇയാൾ പെൺകുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.സംവിധായകന്റെ ജാമ്യാമേക്ഷ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. കുറേ ദിവസമായി സനോജ് മിശ്ര ഡൽഹി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
നേരത്തെ മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ എന്ന മോനി ഭോസ്ലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സംവിധായകന് സനോജ് മിശ്ര വെളിപ്പെടുത്തിയിരുന്നു. മൊണാലിസയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമാണ് സനോജ് തന്റെ അടുത്ത സിനിമയിലെ നടിയാക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് അവസരം നല്‍കുക.
ഇതിന്റെ ഭാഗമായി മൊണാലിസക്ക് സംവിധായകൻ ക്ലാസുകളും നൽകിയിരുന്നു. മുംബൈയില്‍ സനോജ് മിശ്ര സിനിമയുടെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്ലാസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഒരു ചെറിയ മുറിയില്‍ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹിന്ദി അക്ഷരങ്ങള്‍ എഴുതി വായിച്ചു പഠിക്കുന്നതാണ് ദൃശ്യങ്ങള്‍. സനോജ് മിശ്രയാണ് പഠിപ്പിക്കുന്നത്. മൊണാലിസയുടെ സഹോദരിയും കൂടെയുണ്ട്. എഴുത്തും വായനയും അറിയാതെ എങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്ന് മൊണാലിസയോട് വീഡിയോയില്‍ ചോദിക്കുന്നുണ്ട് സനോജ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക മാത്രമാണുള്ളതെന്നും എഴുത്ത് ഇല്ലെന്നും അവള് മറുപടി നല്‍കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.