ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. മഹാകുംഭമേളക്ക് പോകുന്ന പ്രധാന റോഡിലാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായത്. ശനിയാഴ്ച്ച പുലർച്ചെ 6.30ക്കാണ് സംഭവം. നിർത്തിയിട്ടിരുന്ന മാരുതി എർട്ടിഗ കാറിനും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്. വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല. ആറംഗ സംഘമടങ്ങുന്ന അഗ്‌നിശമന സേനയെത്തി തീ അണച്ചു.
മഹാകുംഭമേളയോട് അനുബന്ധിച്ച് അവിടേക്കെത്തുന്ന നിരവധി ആളുകളുടെ വാഹനങ്ങൾ ഒരുമിച്ച് നിർത്തിയിട്ടിരിക്കുന്നതിനാൽ കഠിനമായ ചൂടുണ്ടാകുന്നു. ഈ കാരണത്താലാവാം വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ വിശാൽ യാദവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടിത്തമുണ്ടായത്. നിരവധി ടെന്‍റുകള്‍ കത്തിനശിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.