കൊയിലാണ്ടി :അകലാപ്പുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോരപ്ര – പൊടിയാടിയിൽ വച്ച് സംഘടിപ്പിക്കുന്ന കീഴരിയൂർ ഫെസ്റ്റ് നാളെ മുതൽ 31 വരെ നടക്കും. കീഴരിയൂരിൽ ആദ്യമായാണ് വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അകലാപ്പുഴയുടെ മനോഹരമായ തീരമാണ് ഫെസ്റ്റിന് വേദിയായി മാറുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നാടിന്റെ സാംസ്കാരികത്തനിമയും പ്രാദേശിക ടൂറിസം സാധ്യതകളും അനാവരണം ചെയ്യുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചിൽഡ്രൻസ് പാർക്ക്, വിപണന മേള, ഫുഡ് കോർട്ട്, പുഴയിൽ ഉല്ലാസയാത്ര എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 28ന് രാവിലെ കുട്ടികളുടെ ചിത്രോത്സവത്തോടെ പരിപാടി ആരംഭിക്കും. നഴ്സറി തലം മുതൽ ഹയർ സെക്കന്ററി വിഭാഗം വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് സാംസ്കാരിക ഘോഷയാത്ര കീഴരിയൂർ സെന്ററിൽ നിന്ന് ആരംഭിക്കും.ഫെസ്റ്റിന്റെ ഉദ്ഘാടനം ഗായകൻ അജയ് ഗോപാൽ നിർവ്വഹിക്കുന്നതാണ്. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല അധ്യക്ഷയാകും. കൊയിലാണ്ടി ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജു എം. വി മുഖ്യതിഥിയാവും.തെരുവ് ഗായകർ പാടുന്ന തെരുവ് സംഗീതിക,വിവിധ ആയോധന കലാരൂപങ്ങൾ, നാട്ടുപൊലിമ എന്നിവ അരങ്ങേറും.
29 ന് രാവിലെ ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്. വൈകുന്നേരം 4 മണിക്ക് “കായൽ ടൂറിസം : പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ സെമിനാർ നടക്കും. ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സരോവരം സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ കലാസന്ധ്യ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
30 ന് വൈകുന്നേരം 3.30 ന് കലാകാര സംഗമം നടക്കും. ഗായിക ആര്യനന്ദ ആർ ബാബു അതിഥിയാവും. രാത്രി 7മണിക്ക് റാന്തൽ തിയേറ്റർ വില്ലേജ് ഒരുക്കുന്ന സംസ്കാരിക സായാഹ്നവും മാലത്ത് നാരായണൻ പുരസ്‌കാര സമർപ്പണവും നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ശൈലജ. ജെ ഉദ്ഘാടനം ചെയ്യും. ഭാസ അക്കാദമി കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടകം എരി, കനൽപാട്ട് കൂട്ടത്തിന്റെ നാടൻ പാട്ടുകൾ എന്നിവ ഉണ്ടാകും.31 ന് രാവിലെ 10 മണിക്ക് കാർഷിക സെമിനാർ. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്യും. ഗായിക ദേവനശ്രിയ മുഖ്യതിഥിയായിരിക്കും. കണ്ണൂർ താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ ഉണ്ടാകും.
പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം. എം രവീന്ദ്രൻ, കൺവീനർ ദാസൻ എടക്കുളംകണ്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജീവ് കീഴരിയൂർ, പ്രചരണ കമ്മിറ്റി ചെയർമാൻ കെ. എം. സുരേഷ് ബാബു, ട്രഷറർ എരോത്ത് അഷറഫ്, എം. സുരേഷ് എന്നിവർ പങ്കെടുത്തു.