കീം റദ്ദാക്കിയ വിധി; കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദു

news image
Jul 9, 2025, 9:23 am GMT+0000 payyolionline.in

തിരുവനന്തപുരം: കീം റാങ്ക് പട്ടികയിൽ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ ആവശ്യമായ തുടർനടപടികൾ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പല തലങ്ങളിൽ ഉയർന്ന പരാതികളെ തുടർന്നാണ് ഏകീകരണ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചതും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന രീതിയിൽ മന്ത്രിസഭയുടെ അനുമതിയോടെ തീരുമാനമുണ്ടായതും. കീം പരീക്ഷ എഴുതിയ കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ എ.ഐ.സി.ടി.ഇ നിഷ്കർഷിച്ചിട്ടുള്ള സമയക്രമത്തിൽത്തന്നെ പ്രവേശനനടപടികൾ പൂർത്തീകരിക്കാൻ പാകത്തിൽ എൻട്രൻസ് പരീക്ഷാ കൺട്രോളറുടെ കാര്യാലയം നടപടികൾ സ്വീകരിക്കും -മന്ത്രി പറഞ്ഞു.

പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടർന്നാണ് ഹൈകോടതി ഇന്ന് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷ നടത്തിയതിന് ശേഷം പ്രോസ്പെക്ടസ് മാറ്റി വെയിറ്റേജിൽ മാറ്റം വരുത്തിയതിനെയാണ് കോടതിയിൽ ചോദ്യംചെയ്തത്. ജസ്റ്റിസ് ഡി.കെ. സിങ്ങിന്റേതായിരുന്നു ഉത്തരവ്.

എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി.ബി.എസ്.ഇ സിലബസിലെ വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.

പ്ലസ്​ ടു ഫിസിക്സ്​, കെമിസ്​ട്രി, മാത്തമാറ്റിക്സ്​ വിഷയങ്ങൾക്ക്​ തുല്യപരിഗണന നൽകിയുള്ള മാർക്ക്​ ഏകീകരണമായിരുന്നു കഴിഞ്ഞ വർഷം വരെയുണ്ടായിരുന്നത്​. ഈ വർഷം പുതുക്കിയ മാർക്ക്​ ഏകീകരണത്തിൽ മാമാത്തമാറ്റിക്സിന്​ അധിക വെയ്​റ്റേജ്​ നൽകി 5:3:2 എന്ന അനുപാതത്തിലേക്ക്​ മാറ്റി. മാത്​സിന് അഞ്ചും ഫിസിക്സിന്​ മൂന്നും കെമിസ്​ട്രിക്ക്​ രണ്ടും എന്ന രീതിയിലാണ്​ വെയ്​റ്റേജ്​ നൽകിയത്​. ഈ വെയ്​റ്റേജ്​ റദ്ദാക്കി പകരം മൂന്ന്​ വിഷയങ്ങൾക്കും തുല്യവെയ്​റ്റേജ്​ എന്ന പഴയ രീതി തുടരാനാണ്​ കോടതി നിർദേശിച്ചത്​.

എൻജിനീയറിങ്​ പ്രവേശന പരീക്ഷയുടെ സ്​കോർ പ്രസിദ്ധീകരിച്ച ശേഷമാണ്​ ​മാർക്ക്​ ഏകീകരണ വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രോസ്​പെക്ടസ്​ ഭേദഗതി ചെയ്തത്​. ഈ നടപടി നിയമപരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe