കിഴൂർ ഗവ. ജി.യു.പി. സ്കൂളിൽ പയ്യോളി നഗരസഭാതല പ്രവേശനോത്സവം സംഘടിപ്പിച്ചു

news image
Jun 1, 2026, 10:56 am GMT+0000 payyolionline.in

പയ്യോളി: കിഴൂർ ഗവ. ജി.യു.പി. സ്കൂളിൽ പയ്യോളി നഗരസഭാതല 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തേക്ക് ആദ്യമായെത്തിയ പുതുവിദ്യാർത്ഥികൾക്ക് ഏറെ സ്നേഹനിർഭരമായ സ്വീകരണമാണ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയത്.

നഗരസഭാതല പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ. നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സ്കൂളിലേക്ക് പുതിയ വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട്, എം.പി. ഫണ്ട്‌ ലഭ്യമാക്കാനുള്ള എല്ലാ കാര്യങ്ങൾക്കും നഗരസഭാ ഭരണസമിതി മുൻകൈ എടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ഉറപ്പുനൽകി. പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്കുള്ള ഉപഹാരങ്ങളും ചെയർപേഴ്സൺ ചടങ്ങിൽ കൈമാറി.

നഗരസഭ വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ, കൗൺസിലർ ഗീത ടീച്ചർ, പി.ടി.എ. പ്രസിഡന്റ്‌ കെ. ശ്രീനി, എസ്.എസ്.ജി. അംഗം കരുണാകരൻ, ഗോപിനാഥൻ കെ.കെ., സ്റ്റാഫ് സെക്രട്ടറി പ്രസീത, നാസർ പള്ളിവീട്ടിൽ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മനോജ്‌ മാസ്റ്റർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ. അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe