പയ്യോളി : പുറക്കാട് കിടഞ്ഞിക്കുന്ന് – കെട്ടുമ്മൽ റീ-ടാർ ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പുറക്കാട് കിടഞ്ഞിക്കുന്ന് ജംഗ്ഷനിൽ നിന്നും തുറയൂർ ഭാഗത്തേക്ക് പോകുന്ന റോഡാണ് മാസങ്ങളായി തകർച്ചയെ നേരിടുന്നത്. ജലനിധി പദ്ധതിക്കായി റോഡ് കുഴിച്ചതോടുകൂടിയാണ് തകർച്ച രൂക്ഷമായത് . റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പുറക്കാട് യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. വി.കെ. അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു .
വിനോദസഞ്ചാരത്തിനായി അകലാപ്പുഴ ബോട്ട് സവാരിക്ക് എത്തുന്നവർക്കും , പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന റോഡാണ് തകർന്ന് തരിപ്പണമായിരിക്കുന്നത്. അതോടൊപ്പം കാലവർഷം കൂടി കനത്തതോടെ റോഡ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള അര കിലോമീറ്ററിലധികമുള്ള റോഡിൻറെ തുടക്കഭാഗത്താണ് തകർച്ച കൂടുതലായിട്ടുള്ളത്. കൊയിലാണ്ടി ഭാഗത്ത് നിന്നും മുചുകുന്ന് വഴി തുറയൂരിൽ എത്താനുള്ള പ്രധാന റോഡ് കൂടിയാണിത്.
എം. റഫീഖ് അധ്യക്ഷത വഹിച്ചു . ഫ്രെറ്റേണിറ്റി ജില്ലാ കമ്മറ്റിയംഗം റസീഫ് കുറ്റ്യാടി, എം. സഹീർ, കെ. കെ. നാസർ, സി.പി. ഉമ്മർ, കെ. കെ.സിറാജ് എന്നിവർ സംസാരിച്ചു.