ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ടാറിംഗ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലിലെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നും താഴേക്ക് വരുന്ന കാനത്തുംകുണ്ട് വളവിലാണ് വലിയ ഗര്‍ത്തം ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമ്മാണം നടന്നു വരുന്ന പാലത്തിൻ്റെ അപ്പ്രോച്ചായി വരുന്ന റോഡിൻ്റെ ടാറിംഗ് നടന്ന ഭാഗത്താണ് ഗർത്തം രൂപപ്പെട്ടത്. ചട്ടഞ്ചാല്‍ ടൗണിന്റെ കിഴക്കു ഭാഗത്തെ മഴവെള്ളം കുത്തിയൊഴുകി എത്തിയതാണ് ഗര്‍ത്തം രൂപപ്പെടാൻ ഇടയായതെന്നാണ് കരുതുന്നത്.
താഴെ കൂടി പോകുന്ന യാത്രക്കാരെല്ലം ഇപ്പോൾ ആശങ്കയിലാണ്. ഗർത്തം രൂപപ്പെടാനിടയായതിനെ കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.