കാസർകോട്: (KasargodVartha) കാസർകോടിൻ്റെ മണ്ണിൽ നിന്ന് ഒരു അസാധാരണ പ്രതിഭയുടെ ഉദയം! പെറുവാഡ് മാളിയങ്കര സ്വദേശി സന്ധ്യയുടെയും മായിപ്പാടി സ്വദേശി രതീഷിൻ്റെയും മകൻ ആദവ്, കേവലം ഒരു വയസ്സും എട്ടു മാസവും തികയുന്നതിന് മുൻപേയുള്ള തൻ്റെ അപൂർവ്വമായ വാക്ചാതുര്യത്തിലൂടെ റെക്കോർഡ് ബുക്കുകളിൽ ഇടം നേടി ഏവരെയും വിസ്മയിപ്പിക്കുകയാണ്.
ഈ കൊച്ചു മിടുക്കൻ തിരിച്ചറിഞ്ഞ് വ്യക്തമായി ഉച്ചരിച്ചത്:
ശരീര ഭാഗങ്ങൾ: 8
വാഹനങ്ങൾ: 9 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 10 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
പഴവർഗ്ഗങ്ങൾ: 8 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 15 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
പച്ചക്കറികൾ: 4 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 5 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
മൃഗങ്ങൾ: 6 (ഇരു റെക്കോർഡുകളിലും)
പക്ഷികൾ: 3 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 5 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
ഇലക്ട്രോണിക് ഉപകരണങ്ങൾ: 6 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 8 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
സൗന്ദര്യ വർദ്ധക വസ്തുക്കൾ: 3 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 9 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
ഭക്ഷ്യ പദാർത്ഥങ്ങൾ: 4 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 14 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
പ്രശസ്ത വ്യക്തികൾ: 2 (ഇരു റെക്കോർഡുകളിലും)
മറ്റുള്ളവ: 10 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 81 (വിവിധ ഇനങ്ങൾ – കലാമിൻ്റെ ലോക റെക്കോർഡ്സ്)
മൃഗങ്ങളുടെ ശബ്ദം അനുകരിക്കാൻ കഴിവ്: 5 (ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്), 4 ഇനം മൃഗങ്ങളുടെ ശബ്ദവും 1 പക്ഷിയുടെ ശബ്ദവും (കലാമിൻ്റെ ലോക റെക്കോർഡ്സ്)
വികാരങ്ങൾ: 8 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
റൂം ഐറ്റങ്ങൾ: 4 (കലാമിൻ്റെ ലോക റെക്കോർഡ്സ്)
ആദവിൻ്റെ ഈ അസാധാരണ കഴിവ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സും (IBR Achiever) കലാമിൻ്റെ ലോക റെക്കോർഡ്സും (Extraordinary Grasping Power Genius Kid) അംഗീകരിച്ചു. ഈ സ്ഥാപനങ്ങൾ മിടുക്കൻ്റെ സിദ്ധി നേരിട്ട് വിലയിരുത്തി സാക്ഷ്യപത്രം നൽകിയിട്ടുണ്ട് എന്നത് ഈ നേട്ടത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് ഈ നേട്ടം സ്ഥിരീകരിച്ചത് 2025 മാർച്ച് 26-നാണ്. കലാമിൻ്റെ ലോക റെക്കോർഡ്സ് ഈ നേട്ടം അംഗീകരിച്ചത് 2025 ഏപ്രിൽ 10-നാണ്.
‘അമ്മ’, ‘അച്ഛൻ’ എന്നീ സാധാരണ വാക്കുകൾ പോലും ഉച്ചരിക്കുന്നതിന് മുൻപ്, വെറും എട്ടു മാസം പ്രായത്തിൽ അമ്മാവൻ അജിത്തിൻ്റെ പേര് തെറ്റാതെ പറഞ്ഞപ്പോഴാണ് വീട്ടുകാർ ഈ ബാലനിലെ അസാധാരണമായ കഴിവ് തിരിച്ചറിഞ്ഞത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഓരോ വസ്തുക്കളെയും ആദവ് തിരിച്ചറിയുകയും അവയുടെ പേരുകൾ വ്യക്തമായി ഉച്ചരിക്കുകയും ചെയ്തു.
സാധാരണയായി ഒരു വയസ്സും എട്ടു മാസവും പ്രായമുള്ള ഒരു കുട്ടിക്ക് ശരാശരി 25 മുതൽ 50 വാക്കുകൾ വരെയാണ് പറയാൻ സാധിക്കുക എന്ന് ഇംഗ്ലണ്ടിലെ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കുട്ടികളുടെ സംസാരത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ഇപ്പോൾ ഖത്തറിലെ പ്രമുഖ സ്പീച്ച് തെറാപ്പിസ്റ്റായി ജോലി ചെയ്യുകയും ചെയ്യുന്ന കുമ്പള സ്വദേശി നിലോഫർ ബിൻത് നിസാർ അഭിപ്രായപ്പെട്ടു. എന്നാൽ ആ സ്ഥാനത്താണ് ആദവ് ഇരുന്നൂറിലധികം വസ്തുക്കൾ തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ വ്യക്തതയോടെ ഉച്ചരിക്കുന്നത്. ഇത് തീർച്ചയായും സവിശേഷതയാർന്ന കഴിവ് തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.