കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്, അമ്മ ഷഹാനത്തിന്‍റെ മൊഴിയെടുക്കും

news image
Mar 27, 2024, 4:28 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.

അതേസമയം, കേസില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെ അടുത്ത മാസം ഏഴു വരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌ മോർട്ടത്തിൽ വ്യക്തമായത്തോടെയാണ്  ഇയാളെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. രണ്ടര വയസ് മാത്രം പ്രായമുള്ള ഫാത്തിമ നസ്റിനെ അതിക്രൂരമായാണ് പിതാവ് മുഹമ്മദ്‌ ഫായിസ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.

 

മർദ്ദനമേറ്റതിനെ തുടർന്ന് തലയിൽ രക്തസ്രാവമുണ്ടായതാണ് മരണ കാരണം. മർദ്ദനമേറ്റ് ബോധം പോയ ശേഷം കുഞ്ഞിനെ എറിഞ്ഞു പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഉടനീളം സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ നിലയിലാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പുറമെ ബാല നീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുഞ്ഞിനെ ഫായിസ് നിരന്തരം മർദിച്ചിരുന്നതയാണ് ഫായിസിന്റെ ബന്ധുക്കളും പറയുന്നത്. കുട്ടി അബോധാവസ്ഥയിലായിട്ടും ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും തയ്യാറായില്ല. ഫായിസിന്റെ ഉപദ്രവത്തെക്കുറിച്ചു മുമ്പും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഭാര്യയുടെ ബന്ധുക്കൾ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe