ഈ വർഷത്തെ കാലാവർഷം മേയ് 13ഓടെ ഇന്ത്യയിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളാണ് ഇന്ത്യൻ മേഖലയിലെ കാലവർഷത്തിന്റെ ആദ്യ സ്റ്റോപ്പെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൺസൂണും കാലാവർഷവും ഒന്നാണോ?
മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്. മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.
ശരാശരി 4 കോടി വർഷം മുൻപെങ്കിലുമാണ് മൺസൂൺ ഉദ്ഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്നു നാം കാണുന്ന തെക്കൻ ഏഷ്യൻ മൺസൂൺ ഘടനകൾ ഏകദേശം പാലിയോജീൻ കാലഘട്ടത്തിലാണ് ഉദ്ഭവിച്ചത്. സങ്കീർണമായ കാലാവസ്ഥാ മാറ്റങ്ങൾ ഉടലെടുത്ത ഒരു കാലഘട്ടമായിരുന്നു അത്.കരയും സമുദ്രവും തമ്മിലുള്ള താപനിലാ വ്യത്യാസമാണ് മൺസൂണിനു വഴിയൊരുക്കുന്നത്. വേനൽക്കാലത്ത് ജലത്തെക്കാൾ കൂടുതൽ വേഗത്തിൽ കര ചൂടുപിടിക്കുകയും തദ്ഫലമായി കരയിൽ നിന്ന് നീരാവി കലർന്ന വെള്ളം ഉയർന്ന് അതിനു ബാഷ്പീകരണം സംഭവിച്ച് മഴയായി പെയ്യുകയും ചെയ്യും.