മെഡിക്കൽ കോളജ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്കിയ ആശുപത്രിയും തിരുവനന്തപുരം മെഡിക്കൽ കോളജാണ്. ഹൈദരാബാദില്‍ നടന്ന നാഷനല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിലാണ് പ്രഖ്യാപനമുണ്ടായത്.
കഴിഞ്ഞവര്‍ഷം 3,446 കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയാണ് നല്‍കിയത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സകള്‍ സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലൂടെയാണ് നിര്‍വഹിച്ചത്. മികച്ച സേവനം നല്കിയ കാര്‍ഡിയോളജി വിഭാഗത്തിനെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
ഹൃദ്രോഗങ്ങള്‍ക്ക് ഓപറേഷന് കൂടാതെയുള്ള നൂതനമായ ഇന്റര്‍വെന്‍ഷന്‍ ചികിത്സകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ വാല്‍വ് ഓപറേഷനില്ലാതെ നേരെയാക്കല്‍, ഹൃദയമിടിപ്പ് കുറഞ്ഞവര്‍ക്ക് അതിനൂതന പേസ്മേക്കര്‍, ഹൃദയമിടിപ്പ് കൂടി മരണപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുള്ള സി.ആര്.ടി തെറപ്പി, റീ സിങ്ക്രണൈസേഷന്‍ തെറപ്പി, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവയുടെ ചികിത്സയും അതിസങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകളും മെഡിക്കല്‍ കോളജില്‍ ചെയ്തുവരുന്നു.